
മനോജ് ഏബ്രഹാമിനെ ഡിജിപിയായി പരിഗണിക്കരുത്: ഹൈക്കോടതിയിൽ ഹർജി
കൊച്ചി ∙ സംസ്ഥാന പൊലീസ് മേധാവിയാകാൻ പരിഗണിക്കപ്പടുന്ന പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിനെതിരെ ഹൈക്കോടതിയിൽ ഹർജി.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടുള്ള ആറു പേരുകാരിൽ ഉൾപ്പെട്ട മനോജ് ഏബ്രഹാമിനെ അതിനായി പരിഗണിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം.
മാധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് ഹർജിക്കാരൻ. നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറാണ് മനോജ് ഏബ്രഹാം.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മനോജ് ഏബ്രഹാം സ്വീകരിച്ച നടപടികൾ സ്ഥിതിഗതികൾ വഷളാക്കി, അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് ആരോപണമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തേക്ക് കംപ്യൂട്ടർ വാങ്ങിയതിൽ അഴിമതിയുണ്ട് എന്നും ഹർജിയിൽ ആരോപിക്കുന്നു. ഡിജിപി സ്ഥാനത്തക്ക് പരിഗണിക്കുന്നവരിൽ അഞ്ചാമതായിട്ടാണ് സംസ്ഥാന സർക്കാർ മനോജ് ഏബ്രഹാമിന്റെ പേര് നല്കിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
അദ്ദേഹത്തിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉൾപ്പെടുത്തിയത് പൊലീസ് സേനയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കും. മനോജ് ഏബ്രഹാമിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ട
സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസിക്കും പരാതി നൽകിയെങ്കിലും തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹര്ജിയിൽ പറയുന്നുണ്ട്.
നിധിൻ അഗർവാൾ, റാവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നീ 6 പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നു പേരുകൾ കേന്ദ്രം തിരിച്ചയയ്ക്കുന്നിതിൽ നിന്നാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]