
‘നവകേരള സദസ്സിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരിൽനിന്ന് പണം വാങ്ങി’; ആരോപണവുമായി പി.വി.അൻവർ
നിലമ്പൂർ∙ നവകേരള സദസ്സിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരോട് പണം വാങ്ങിയതായി പി.വി.അൻവറിന്റെ ആരോപണം. റിയാസും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും കരാറുകാരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വിഡിയോ തെളിവുകളുണ്ടെന്നും അൻവർ അവകാശപ്പെട്ടു.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് മന്ത്രി റിയാസും ആര്യാടൻ ഷൗക്കത്തുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വി.ഡി.സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട
ഗതികേടുണ്ടാകും. ഇതൊരു മുന്നറിയിപ്പായി പറയുകയാണെന്നും ഒരു പരിധികഴിഞ്ഞാൽ പ്രതിരോധിക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു.
‘‘നവകേരള സദസ്സിന് പിരിവിട്ടാണ് പൈസ കണ്ടെത്തിയത്. എനിക്ക് 50 ലക്ഷം കടംവന്നു.
നിയോജക മണ്ഡലം കമ്മിറ്റികൾക്കായിരുന്നു പണപ്പിരിവിന്റെ ചുമതല. കരാറുകാരിൽനിന്ന് റിയാസ് നേരിട്ട് പണം പിരിച്ചു.
ബലമായാണ് പണം പിരിച്ചത്. എന്നെ വ്യക്തിഹത്യ നടത്തിയാൽ അതേരീതിയിൽ തിരിച്ചടിക്കും.
തെളിവുകൾ പുറത്തുവിടും’’–അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കുമെന്ന് അൻവർ ഇന്നലെ അറിയിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
2016, 2021 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്വതന്ത്രനായി നിലമ്പൂരിൽ നിന്നു ജയിച്ച പി.വി.അൻവർ പിണറായിയുമായി ഇടഞ്ഞാണ് ഇടതുപക്ഷത്തുനിന്ന് അകന്നത്. അൻവർ രാജിവച്ച ഒഴിവിൽ ജൂണ് 19നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]