
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ഫിനിഷര്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറാണ്. സാക്ഷാല്‍ ഹാര്‍ദിക് പാണ്ഡ്യ വരെ പൊള്ളാര്‍ഡിന് പിന്നില്‍ രണ്ടാമതേ വരികയുള്ളൂ.
ഐപിഎല്‍ 2025 എഡിഷനോടെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു കിടിലോസ്കി ഫിനിഷറെ കിട്ടിയിരിക്കുകയാണ്, പേര് നമന്‍ ധിര്‍. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇനി ഫൈനല്‍ മത്സരം മാത്രം അവശേഷിക്കേ ഈ എഡിഷനിലെ ഏറ്റവും മികച്ച ഫിനിഷര്‍ മുംബൈ ഇന്ത്യന്‍സിന്റെ 25 വയസുകാരന് നമന്‍ ധിര്‍ ആണ്. ഐപിഎല്‍ 2025ല്‍ സ്ലോഗ് ഓവറുകളില്‍ (16-20) ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ നമന്‍ ധിര്‍ ആണ്.
97 പന്തുകളില്‍ ധിര്‍ 190 റണ്‍സടിച്ചപ്പോള്‍ സ്ട്രൈക്ക്റേറ്റ് അതിശയിപ്പിക്കുന്ന 195.87 ആണ്. 16-20 ഓവറുകളില്‍ മാത്രം നമന്‍ ധിര്‍ 20 ഫോറും 10 സിക്സറുകളും പറത്തി.
തിലക് വര്‍മ്മ പരാജയമായപ്പോള്‍ പല മത്സരങ്ങളിലും മുംബൈയുടെ രക്ഷകനായി നമന്‍ ധിര്‍ മാറി. ഈ സീസണിലെ 16 മത്സരങ്ങളിലാകെ 182.61 സ്ട്രൈക്ക്റേറ്റിലും 31.50 ശരാശരിയിലും നമന്‍ ധിര്‍ 252 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ആകെ റണ്‍സ് നോക്കുമ്പോള്‍ ഇതൊക്കെയൊരു സംഭവമാണോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാമെങ്കിലും സ്ലോഗ് ഓവറുകളിലായിരുന്നു താരം മിക്ക മത്സരങ്ങളിലും ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത് എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.
46 റണ്‍സാണ് ഐപിഎല്‍ 2025ല്‍ നമന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. സീസണിലാകെ 24 ഫോറും 13 സിക്സും നമന്‍ ധിര്‍ പേരിലാക്കി.
ഇതിനെല്ലാം പുറമെ 12 ക്യാച്ചുകളും നമന്‍ ധിര്‍ ഈ ഐപിഎല്‍ സീസണിലെടുത്തു. ഐപിഎല്‍ 2025ലെ ക്വാളിഫയര്‍ 2-ല്‍ പഞ്ചാബ് കിംഗിസിനെതിരെയും മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷറുടെ റോളില്‍ തിളങ്ങിയത് നമന്‍ ധിര്‍ ആണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 203 റണ്‍സ് നേടിയപ്പോള്‍ നമന്‍ മിന്നി.
മുംബൈ ഇന്നിംഗ്സില്‍ 15-ാം ഓവറിലെ രണ്ടാം പന്തില്‍ ആറാമനായി ക്രീസിലെത്തിയ ധിര്‍ 18 പന്തുകളില്‍ ഏഴ് ബൗണ്ടറികളോടെ 37 റണ്‍സെടുത്ത് അവസാന ഓവറിലെ മൂന്നാം ബോളിലാണ് മടങ്ങിയത്. അസ്മത്തുള്ള ഒമര്‍സായുടെ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് പിടിച്ചായിരുന്നു നമന്റെ പുറത്താകല്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]