
കൊച്ചി : എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അവന്തികയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം. തന്റെ കാണാതായ സൈക്കിളിന് പകരം പുതു പുത്തൻ സൈക്കിൾ. എറണാകുളം പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിയ്ക്ക് അയച്ച ഇ മെയിൽ സന്ദേശമാണ് പുതിയൊരു സൈക്കിളിന് വഴിയൊരുക്കിയത്.
എറണാകുളം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് അവന്തിക. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് വണ്ണിന് ഇതേ സ്കൂളിൽ തന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് തന്റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ആരോ എടുത്തുകൊണ്ടു പോകുകയായിരുന്നു. അയലത്തെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചെന്നു. എന്നാൽ ‘സൈക്കിളല്ലേ വിട്ടുകള’ എന്ന് പറഞ്ഞ് പൊലീസുകാരും കാര്യമാക്കിയില്ല.
എന്നും സൈക്കിളിൽ സ്കൂളിൽ പോയിരുന്ന അവന്തിക ഇതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഒരു ഇ- മെയിൽ അയച്ചു. തന്റെ സൈക്കിൾ കണ്ടു പിടിച്ചുതരണമെന്നായിരുന്നു അവന്തികയുടെ ആവശ്യം. മന്ത്രി ഇടപെട്ടു. ഇതോടെയാണ് അവന്തികയ്ക്ക് പുതിയൊരു സൈക്കിൾ നൽകാൻ തീരുമാനമായത്.കൊച്ചി മേയറാണ് സൈക്കിൾ ഏർപ്പാടാക്കിയത്. സംസ്ഥാന പ്രവേശനോത്സവം നടക്കുന്ന എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് സൈക്കിൾ കൈമാറി. പ്ലസ് വണ്ണിന് പുതിയ സൈക്കിളിലാകും അവന്തിക സ്കൂളിൽ പോവുക.
Last Updated Jun 2, 2024, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]