
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരികയാണ്. ഇക്കൂട്ടത്തിൽ 377 സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ വരുമെന്നാണ് ജൻ കി ബാത് എക്സിറ്റ്പോൾ സർവേ ഫലം. ഇന്ത്യ സഖ്യത്തിന് 151 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 15 സീറ്റുകൾ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരിൽ നിന്ന് ലഭിച്ച എക്സിറ്റ്പോൾ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.
ആകെ വോട്ടുകളുടെ 50 ശതമാനവും എൻഡിഎ നേടുമെന്ന് പ്രവചിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് 35 ശതമാനം വോട്ടുകളും മറ്റുള്ളവർക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിക്കുകയെന്നും സർവേ ഫലം പറയുന്നു. എൻഡിഎക്ക് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്ന 377 സീറ്റുകളിൽ ബിജെപിക്ക് മാത്രമായി 327 സീറ്റുകൾ ലഭിക്കും. 42 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. ഇന്ത്യ സഖ്യത്തിന്റെ 151 സീറ്റുകളിൽ കോൺഗ്രസിന് 52 സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നും 18 ശതമാനം വോട്ടുകളായിരിക്കും കോൺഗ്രസിന് കിട്ടുകയെന്നും ജൻ കി ബാത്ത് സർവേ പറയുന്നു.
കേരളത്തിൽ യുഡിഎഫ്
കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. 14 മുതൽ 17 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് മൂന്ന് മുതൽ പരമാവധി അഞ്ച് സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. ബിജെപിക്ക് പൂജ്യം മുതൽ ഒരു സീറ്റിന് വരെയുള്ള സാധ്യതയാണ് പറയുന്നത്. തമിഴ്നാട്ടിൽ 19 മുതൽ 22 വരെ സീറ്റുകളിൽ ഡിഎംകെയ്ക്ക് സാധ്യത കൽപിക്കപ്പെടുമ്പോൾ കോൺഗ്രസിന് ഏഴ് മുതൽ ഒൻപത് വരെ സീറ്റുകളാണ് പറയുന്നത്. പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകളിൽ തമിഴ്നാട്ടിലും ബിജെപിക്ക് സാധ്യത പറയുന്നുണ്ട് ജൻ കി ബാത് സർവെ. എ.ഐ.എ.ഡി.എം.കെയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയാണ് പ്രവചനം.
Last Updated Jun 1, 2024, 7:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]