
കാലിഫോര്‍ണിയ: അമേരിക്കയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍. 2025ന്റെ ആദ്യ മൂന്ന് മാസം അമേരിക്കയില്‍ വിറ്റ 50 ശതമാനത്തിലധികം ഐഫോണുകള്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്. 2025 ജൂണ്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അമേരിക്കയില്‍ വിറ്റഴിയാന്‍ പോകുന്ന ഐഫോണുകളിലധികവും ഇന്ത്യയില്‍ നിര്‍മ്മിച്ചവയായിരിക്കുമെന്നും ആപ്പിള്‍ സിഇഒ ടീം കുക്ക് വ്യക്തമാക്കി. ആപ്പിളിന്റെ ആഗോള നിര്‍മ്മാണ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാകുന്നു എന്നതിന്റെ സൂചനയാണിത്. അതേസമയം യുഎസില്‍ വില്‍ക്കപ്പെടുന്ന ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് എന്നിവയുടെ നിര്‍മ്മാണം വിയറ്റ്നാം കേന്ദ്രീകരിച്ചായിരിക്കും.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്തന്‍ തീരുവ നയത്തിന് പിന്നാലെ ആപ്പിള്‍ കമ്പനി ചൈനയില്‍ നിന്ന് ഉല്പന്നങ്ങളുടെ നിര്‍മ്മാണം കൂടുതലായി ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അധികാരമേറ്റതിന് പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് ട്രംപ് തീരുവ കുത്തനെ കൂട്ടിയിരുന്നു. എങ്കിലും സ്മാര്‍ട്ട്ഫോണുകളും സെമികണ്ടക്ടറുകള്‍ക്കും താല്‍ക്കാലിക ഇളവ് ട്രംപ് ഭരണകൂടം നല്‍കിയിട്ടുണ്ട്. ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകളുടെ താരിഫ് പഴയ നിലയിലേക്ക് പുനസ്ഥാപിച്ചില്ലെങ്കില്‍ ആപ്പിളിന്റെ നിര്‍മ്മാണ ചിലവ് കുത്തനെ ഉയരും എന്ന് ടിം കുക്ക് മുന്നറിയിപ്പ് നല്കുന്നു. താരിഫ് വര്‍ധനവ് ആപ്പിള്‍ ഉല്പന്നങ്ങളുടെ വിപണിയില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണക്കുകൂട്ടാന്‍ ആപ്പിള്‍ കമ്പനിക്ക് ഇതുവരെയായിട്ടില്ല.
അതേസമയം, ഇന്ത്യ ആപ്പിള്‍ ഉല്പന്നങ്ങളുടെ സപ്ലൈ- ചെയിനില്‍ വളര്‍ച്ച കൈവരിക്കുന്നത് ഒരു വസ്തുതയാണ്. ചൈനയും വിയറ്റ്നാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്പന്നങ്ങള്ക്ക് യുഎസില്‍ ഇറക്കുമതി തീരുവ കുറവാണ് എന്നതാണ് ഇതിനൊരു കാരണം. ട്രംപ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് മുന്‍കൂട്ടി കണ്ട് ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകളാണ് യുഎസിലേക്ക് മാര്‍ച്ച് മുതല്‍ കയറ്റുമതി ചെയ്തത്. ഈ കാര്ഗോകളില് 15 ലക്ഷം യൂണിറ്റ് ഐഫോണുകളുണ്ട് എന്നാണ് കണക്ക്.
ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുമ്പോഴും യുഎസിന് പുറത്ത് വില്‍ക്കുന്ന ആപ്പിള്‍ ഉല്പന്നങ്ങളുടെ പ്രധാന അസ്സെംബിളിംഗ് ഇടമായി ചൈന തുടരും എന്ന് ടിം കുക്ക് വ്യക്തമാക്കി. ആഗോള ഐഫോണ്‍ നിര്‍മ്മാണത്തിന്റെ 76.6 ശതമാനം ഇപ്പോഴും നടക്കുന്നത് ചൈനയിലാണ്. വിയറ്റ്നാമില്‍ 9.9 ശതമാനവും ഇന്ത്യയില്‍ 8.4 ശതമാനവും ദക്ഷിണ കൊറിയയില്‍ 1.2 ശതമാനവും ഐഫോണ്‍ അസെംബിളിംഗ് നടക്കുന്നു. എങ്കിലും യുഎസില്‍ വിറ്റഴിക്കുന്ന ഐഫോണുകളുടെ പ്രധാന നിര്‍മ്മാതാക്കളായി ഇന്ത്യ മാറും. 2017ലാണ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ അസെംബിളിംഗ് ആരംഭിച്ചത്. ആദ്യം എന്‍ട്രി-ലെവല്‍ മോഡലുകളായിരുന്നെങ്കില്‍ 2022 മുതല്‍ പ്രോ മോഡലുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ ആരംഭിച്ചു. നിലവില്‍ ആഗോളതലത്തില്‍ നിര്‍മ്മിക്കപ്പെടുന്ന അഞ്ചില്‍ ഒരു ഐഫോണ്‍ ഇന്ത്യയിലാണ് അസ്സെംബിള്‍ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]