
പണം പിടിച്ചെടുത്തതിൽ തെറ്റില്ല, ആദായനികുതി വകുപ്പിന്റെ നടപടി നിയമപരമെന്ന് ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് . അക്കൗണ്ടിൽ നിന്നു പിൻവലിച്ച ഒരു കോടി രൂപ പിൻവലിച്ചത് ഉൾപ്പെടെ നടപടികൾ ചോദ്യം ചെയ്ത് സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമെന്ന് വ്യക്തമാക്കിയ കോടതി, വസ്തുതകൾ വിലയിരുത്തിയായിരുന്നു പരിശോധനയെന്നും വ്യക്തമാക്കി.
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽനിന്ന് പെരുമാറ്റച്ചട്ടം ലംഘിച്ച് പണം പിൻവലിച്ചതിന്റെ പേരിൽ ആദായനികുതി വകുപ്പ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പണം ചെലവഴിക്കരുതെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ, 4.81 കോടി രൂപ ബാലൻസുള്ള കറന്റ് അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്ന് ആദായനികുതി വകുപ്പിന് വിവരം ലഭിച്ചു. പിൻവലിച്ച ഒരു കോടി രൂപ ബാങ്കിൽ അടയ്ക്കാനെത്തിയെങ്കിലും പണം അക്കൗണ്ടിൽ അടപ്പിച്ച് ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയായിരുന്നു. 2024 ഏപ്രിൽ 30ന് പിടിച്ചെടുത്ത പണം മടക്കി നൽകുക, സമൻസും തുടർ നടപടികളും സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹര്‍ജി.
വെളിപ്പെടുത്താത്ത പണം സിപിഎമ്മിന്റെ അക്കൗണ്ടിലുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ 2024 ഏപ്രിൽ അഞ്ചിന് അന്വേഷണത്തിനും പരിശോധനയ്ക്കും പണം പിടിച്ചെടുക്കുന്നതിനും ഉത്തരവിട്ടതെന്ന് ആദായനികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും സിപിഎം നൽകിയ രേഖകളിലും ഈ അക്കൗണ്ടിനെക്കുറിച്ചു പറയുന്നില്ലെന്നും ആദായനികുതി വകുപ്പ് വാദിച്ചു.
പാനുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ പറ്റാതിരുന്നതിനുള്ള കാരണം ടൈപ്പിങ് തെറ്റാണെന്നും ബാങ്കിന്റെ പിഴവാണെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. എന്നാൽ തങ്ങൾക്ക് ലഭിച്ച രേഖകൾ പ്രകാരം 2010 മുതൽ ബാങ്ക് കൈവൈസി രേഖകൾ ആവശ്യപ്പെടുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പാനുമായി അക്കൗണ്ട് ബന്ധിപ്പിക്കണമെന്നും ബാങ്ക് നിർദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് അന്വേഷണത്തിനും പരിശോധനയ്ക്കും പണം പിടിച്ചെടുക്കുന്നതിനും ഉത്തരവിട്ടതെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ വാദം.
അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന് ബാങ്ക് നൽകിയിരിക്കുന്ന കത്തുകൾ പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നതെന്നു കോടതി വ്യക്തമാക്കി. 2024 ഏപ്രിൽ അഞ്ചിന് അക്കൗണ്ട് മരവിപ്പിച്ച ഉത്തരവിന് 60 ദിവസത്തിലേറെ കാലാവധിയില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.