
സ്വാഗതം പറഞ്ഞ് പതപ്പിക്കേണ്ട, സ്റ്റേജിൽ ലിംഗ നീതി പാലിക്കണം, വൈകി വരരുത്: കെപിസിസി പെരുമാറ്റച്ചട്ടം തയാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേദിയിൽ നാണക്കേടായ ഉന്തും തള്ളിനും പിന്നാലെ പാർട്ടി പരിപാടികളിൽ നടപ്പാക്കാൻ തീരുമാനിച്ച പെരുമാറ്റച്ചട്ടം തയാറാക്കി . പെരുമാറ്റച്ചട്ടം എന്തെക്കെയെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഇതിൽ അന്തിമ തീരുമാനമായത്. ലിംഗനീതിയും സാമൂഹിക നീതിയും പാർട്ടി പരിപാടികളിൽ ഉറപ്പുവരുത്തണമെന്നും സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കണമെന്നുമാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.
പാർട്ടി പരിപാടികൾ നോട്ടിസിൽ പറഞ്ഞിരിക്കുന്ന സമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കണം. ഒരുപാട് വൈകി പരിപാടികൾ ആരംഭിക്കുന്നത് കൃത്യസമയത്ത് എത്തിച്ചേരുന്നവരോടുള്ള അനാദരവാണെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ അച്ചടക്ക ലംഘനമായി കണക്കാക്കും. , ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാർഡ് യോഗങ്ങളിൽ പെരുമാറ്റച്ചട്ടം സംബന്ധിച്ച സർക്കുലർ വൈകാതെ റിപ്പോർട്ട് ചെയ്യാനാണ് പാർട്ടി നിർദേശം.
സ്വാഗത പ്രസംഗത്തിന് നിയോഗിക്കപ്പെടുന്നവർ ആ ഉത്തരവാദിത്തത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കണം. വേദിയിലുള്ളവരുടെ പേരുകൾ അടങ്ങിയ നോട്ടിസ് സ്വാഗത പ്രാസംഗികരുടെ കൈയ്യിൽ ഉണ്ടായിരിക്കണം. സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിക്കുന്ന പ്രാസംഗികർ നോട്ടിസിലുള്ള പേരുകൾ വായിക്കുന്നത് ഒഴിവാക്കണം. പരിപാടിയുടെ ആകെ സമയം എത്രയാണ്, ഓരോരുത്തരും എത്ര സമയം സംസാരിക്കണം എന്നീ കാര്യങ്ങളിൽ പരിപാടിയുടെ അധ്യക്ഷന് തീരുമാനമെടുക്കാം. വേദികളിൽ തിക്കും തിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടികൾ സംഘടിപ്പിക്കുന്ന ഘടകത്തിന്റെ അധ്യക്ഷന്റെ ചുമതലയാണ്. നേതാക്കൾക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അനാവാശ്യ തിരക്ക് പാടില്ല. ആവശ്യമായ മുൻകരുതലുകൾ സംഘാടകർ എടുത്തിരിക്കണം. പരിപാടിയുടെ നടത്തിപ്പിന് നിശ്ചയിച്ചിരിക്കുന്ന ഭാരവാഹികൾ അല്ലാതെ വേറെ ആരും ഉദ്ഘാടന വേദിയിലേക്ക് കയറാൻ പാടില്ല. ഇക്കാര്യത്തിൽ സേവാദളിന്റെ സേവനം ഉപയോഗപ്പെടുത്തണം.
സാധ്യമായ അവസരങ്ങളിലെല്ലാം പരിപാടി കവർ ചെയ്യാൻ നല്ല ഫൊട്ടോഗ്രഫറെയും വിഡിയോഗ്രഫറെയും ചുമതലപ്പെടുത്തണം. പ്രധാന പരിപാടി ആണെങ്കിൽ ലൈവ് കവറേജ് ഉണ്ടായിരിക്കണം. സമൂഹ മാധ്യമങ്ങളിൽ അഭിരുചിയുള്ള ചെറുപ്പക്കാരെ ഇതിനായി പ്രത്യേക നിയോഗിക്കാമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. പാർട്ടി നടത്തുന്ന ജാഥകളിൽ ബാനറിനു പിന്നിൽ മാത്രമേ നേതാക്കളും പ്രവർത്തകരും അണിനിരക്കാൻ പാടുള്ളൂ. പ്രധാനപ്പെട്ട നേതാക്കൾ ദൃശ്യ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ അവർ ചുമതലപ്പെടുത്തുന്നവർ അല്ലാതെ വേറെയാരും പിന്നിൽ തിക്കിതിരക്കാൻ പാടില്ല. പൊതുയോഗങ്ങളിൽ നേതാക്കൾ സംസാരിക്കുമ്പോൾ പ്രസംഗപീഠത്തിനു പിന്നിൽ ആരും നിൽക്കാൻ പാടില്ല. മൺമറഞ്ഞ നേതാക്കളുടെ അനുസ്മരണ പരിപാടികളിൽ ചടങ്ങിന്റെ പവിത്രത കാത്തുസൂക്ഷിക്കണം, തിക്കിതിരക്കാൻ പാടില്ല. ഇത്തരം യോഗങ്ങളിലെ പ്രസംഗങ്ങളും ഔചിത്യപൂർവം നടത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ ആവശ്യപ്പെടുന്നു.
പെരുമാറ്റച്ചട്ടത്തിലെ മറ്റ് നിർദേശങ്ങൾ
∙ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ കൃത്യമായ കാര്യപരിപാടിയുണ്ടാകണം. സ്റ്റേജിൽ നോട്ടിസിന്റെ കോപ്പിയുണ്ടായിരിക്കണം.
∙ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ടതുമായ നേതാക്കൾ മാത്രമേ വേദിയിലുണ്ടാകാവൂ
∙ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണം
∙ കെപിസിസി പ്രസിഡന്റ്, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെപിസിസി പ്രസിഡന്റുമാർ, എഐസിസി ഭാരവാഹികൾ, വർക്കിങ് പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, മുൻ എംപിമാരും എംഎൽഎമാരും, മുൻ മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന യോഗങ്ങളിലെ കസേരകളിൽ അവരുടെ പേര് കൃത്യമായി രേഖപ്പെടുത്തണം.
∙ നോട്ടിസിൽ പേരില്ലാത്ത എഐസിസി – കെപിസിസിസി ഭാരവാഹികളോ ഡിസിസി പ്രസിഡന്റോ എംപിയോ എംഎൽഎയോ അവിചാരിതമായി യോഗത്തിന് എത്തിയാൽ അവരുടെ പ്രോട്ടോക്കോൾ മാനിച്ച് ഇരിപ്പിടം നൽകണം