
സ്ഥിരം കൈക്കൂലിക്കാരി, വിജിലൻസ് പട്ടികയിൽ മുന്നിൽ; പണം വാങ്ങാൻ വിശ്വസ്തർ, ഒടുവിൽ സ്വപ്നയ്ക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കൈക്കൂലി വാങ്ങുമ്പോൾ നടുറോഡിൽ വച്ച് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്നയെ കൊച്ചി കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. വിജിലൻസിന്റെ അഴിമതി പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന. വിജിലൻസ് തയാറാക്കിയ പട്ടികയിൽ കോർപറേഷന്റെ വൈറ്റിലയിലുള്ള സോണൽ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണൽ ഓഫിസിനെതിരെ മുമ്പും അഴിമതി ആരോപണമുയർന്നിരുന്നു.
അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോർപറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എൽഡിഎഫ് കൗൺസിലറായ പി.എസ്.ബിജു 4 മാസം മുമ്പ് ആരോപണമുന്നയിച്ചിരുന്നു. കോർപറേഷന്റെ സ്ഥിരം സമിതികളുടെ ചെയർമാൻമാർക്ക് നൽകാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയാവുകയും മേയർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.
എവിടെത്തൊട്ടാലും പണമാണ് എന്നതാണ് കോർപറേഷനിലെ അഴിമതിയുടെ പ്രധാന കാരണം. ബിൽഡിങ് പെർമിറ്റ്, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് പുതുക്കലിന് ആരോഗ്യവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങൾ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിർമാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിർമിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്കറിയാം. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.
ഇത്തരത്തിൽ പണം വാങ്ങിയാലും കാര്യങ്ങൾ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച് പൊതുവെ പറയാറുള്ളത്. പണവും വാങ്ങില്ല, കാര്യങ്ങൾ നടത്തിത്തരാതെ ആവശ്യക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവർ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ വ്യാപകമായി സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വൈറ്റില സ്വദേശിയുടെ അഞ്ചു നില കെട്ടിടത്തിന് നമ്പരിട്ടു ലഭിക്കാൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും അനുമതി നൽകാതെ സ്വപ്ന വൈകിപ്പിച്ചു. പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവിൽ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും അവർ നിരീക്ഷണം തുടങ്ങുകയും ചെയ്തു. സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാൽ പിറ്റേന്ന് മേയ് ദിനമായതിനാൽ തൃശൂരുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തിൽ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലൻസ് നൽകിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവിൽ മൂന്നു മക്കളുമൊത്ത് കാറോടിച്ച് വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇതേ സമയം സ്ഥലത്തെത്തിയ വിജിലൻസ് സ്വപ്നയെ പിടികൂടി. 3 വയസുള്ള ഇളയ കുട്ടിയടക്കം കാറിലിരുന്ന് വാവിട്ടു നിലവിളിക്കുകയും ചെയ്തു. 4 മണിക്കൂറോളം കഴിഞ്ഞ് തൃശൂരിൽ നിന്ന് ഭർത്താവ് എത്തിയാണ് കുട്ടികളെ ഏറ്റുവാങ്ങിയത്. ഈ സമയമത്രയും സ്വപ്നയെ കാറിൽ തന്നെ ഇരുത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തൃശൂരിലായിരുന്ന സ്വപ്ന 2023ലായിരുന്നു കൊച്ചി കോർപഷന്റെ ഓഫിസിലേക്ക് എത്തിയത്. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലുള്ള സ്വപ്നയ്ക്ക് ബിൽഡിങ് ഇൻസ്പെക്ടറുടെയും ചുമതല ലഭിച്ചു. കൊച്ചി കോർപറേഷന് ഈ ഉദ്യോഗസ്ഥരുടെ മേൽ കാര്യമായ നിയന്ത്രണം ഇല്ലാത്തത് പരാതികൾ ഉയർന്നാലും നടപടിയെടുക്കുന്നതിന് തടസമാകുന്നുവെന്ന് വാദമുണ്ട്. നടപടി എടുക്കണമെങ്കിൽ ഇക്കാര്യം കോർപറേഷൻ തദ്ദേശ വകുപ്പിനെ അറിയിക്കുകയും അവർ തീരുമാനിക്കുകയുമാണ് ചെയ്യുക. സ്വപ്നയുടെ അറസ്റ്റിനു പിന്നാലെ വിജിലൻസ് വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.