
ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയം; കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തി സഹോദരൻ, അറസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുപ്പുർ∙ തമിഴ്നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരിൽ കോളജ് വിദ്യാർഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം അറസ്റ്റ് ചെയ്തു.
കോളജില് സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയബന്ധത്തെ എതിർത്ത കുടുംബം പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ ഇതിനു തയാറായില്ല. അതിനിടെ മാർച്ച് 30ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരുക്കേറ്റ് മരിച്ചതായാണു കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മരണത്തിൽ അസ്വാഭാവികത തോന്നിയ വെൺമണി, കാമനായ്ക്കൻപാളയം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരൻ ശരവണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നൽകിയിട്ടും പ്രണയം തുടർന്നെന്നും സഹോദരൻ ശരവണകുമാർ പറഞ്ഞു. ഇതിനിടയിൽ വെൺമണിയുടെ രക്ഷിതാക്കൾ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടിൽ എത്തിയത് പ്രകോപിപ്പിച്ചുവെന്നും ശരവണകുമാറിന്റെ മൊഴിയിൽ പറയുന്നുണ്ട്. മാർച്ച് 30നു രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിനു പോയ സമയത്ത് വിദ്യയും സഹോദരൻ ശരവണകുമാറും തമ്മിൽ വാക്കു തർക്കമുണ്ടായി.
വെൺമണിയുമായുള്ള പ്രണയ ബന്ധത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണു തർക്കമുണ്ടായത്. ഇതിനിടെ പ്രകോപിതനായ ശരവണകുമാർ ഇരുമ്പ് കമ്പി കൊണ്ട് വിദ്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അപകടമരണമെന്നു വരുത്തി തീർക്കുന്നതിനായി അലമാര ദേഹത്തേക്ക് മറിച്ചിട്ടതായും ശരവണകുമാർ പൊലീസിന് മൊഴി നൽകി. മൃതദേഹം പുറത്തെടുത്തു നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ അടിയിലുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണമെന്നു കണ്ടെത്തുകയായിരുന്നു. പിന്നാലെ ശരവണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിദ്യയുടെ രക്ഷിതാക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.