
ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി (ഏകദേശം 2.76 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ഉയരത്തിലെത്തിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 2023-24 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതി കണക്കുകളെ അപേക്ഷിച്ച് ഇപ്പോൾ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2,539 കോടി രൂപയുടെ അഥവാ 12.04 ശഥമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 21,083 കോടി രൂപയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്യു) കയറ്റുമതിയിൽ 42.85 ശതമനത്തിൻ്റെ ഗണ്യമായ വർദ്ധന കൈവരിച്ചു, ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. 2024-25 ലെ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ മേഖലയും ഡിപിഎസ്യുവും യഥാക്രമം 15,233 കോടി രൂപയും 8,389 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്, അതേസമയം 2023-24 സാമ്പത്തിക വർഷത്തെ ഇതേ കണക്കുകൾ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു. ഈ നേട്ടം കൈവരിച്ചതിന് എല്ലാ പങ്കാളികളെയും രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് എക്സിലൂടെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2029 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു സേനയിൽ നിന്ന് സ്വാശ്രയത്വത്തിലും തദ്ദേശീയ ഉൽപ്പാദനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി ഇന്ത്യ പരിണമിച്ചു. പ്രതിരോധ കയറ്റുമതിയിലെ ഒരു പ്രധാന ഉത്തേജനത്തിൽ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, യുദ്ധോപകരണങ്ങളുടെ ഭാഗങ്ങൾ/ ഘടകങ്ങൾ മറ്റു സംവിധാനങ്ങൾ എന്നിവ, രാജ്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. കയറ്റുമതി അപേക്ഷകൾ പരിശോധിക്കുന്നതിനും അംഗീകാരം നല്കുന്നതിനുമായി പ്രതിരോധ ഉൽപാദന വകുപ്പിന് ഒരു പ്രത്യേക പോർട്ടൽ തന്നെ നൽകിയിരിക്കുന്നു. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ 1,762 കയറ്റുമതി അപേക്ഷകൾക്ക് അംഗീകാരം നൽകി, മുൻ വർഷത്തെ 1,507 കയറ്റുമതി അപേക്ഷകളിൽ നിന്നും 16.92 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിൽ മൊത്തം കയറ്റുമതിക്കാരുടെ എണ്ണവും 17.4 ശതമാനം വർദ്ധിച്ചു.
ഇന്ത്യൻ പ്രതിരോധ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗവൺമെന്റ് നിരവധി നയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യാവസായിക ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുക, ലൈസൻസ് വ്യവസ്ഥയിൽ നിന്ന് ഉപകരണ ഭാഗങ്ങളും ഘടകങ്ങളും നീക്കം ചെയ്യുക, ലൈസൻസിന്റെ സാധുത കാലയളവ് നീട്ടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, കയറ്റുമതി അംഗീകാരം നൽകുന്നതിനുള്ള രീതി കൂടുതൽ ലളിതമാക്കി, രാജ്യത്ത് നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ വ്യവസ്ഥകൾ ചേർത്തതടക്കം മന്ത്രി വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]