
പ്രമുഖ ഭാഷാപണ്ഡിതൻ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഫാറൂഖ് കോളജ് തിരിച്ചിലങ്ങാടി വാണിയിൽ ഏഴിക്കര തറമേൽ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ (79) അന്തരിച്ചു. അധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തനായ േവണുഗോപാലപ്പണിക്കർക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. സുകുമാർ അഴീക്കോടിന്റെ മേൽനോട്ടത്തിൽ തയാറാക്കിയ ‘കേരളപാണിനീയത്തിന്റെ പീഠിക – ഒരു വിമർശനാത്മകപഠനം’ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് ലഭിച്ചു. 1971ൽ മദ്രാസ് സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 1973 ൽ കാലിക്കറ്റ് സർവകലാശാലയിൽ മലയാളവിഭാഗം അധ്യാപകനായി. 2003-2005 കാലത്ത് വകുപ്പ് മേധാവിയായി.
കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും പ്രവർത്തിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമ്മിഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂർ സർവകലാശാലകളിലും യുപിഎസ്സി, യുജിസി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു.
ജർമനിയിലെ കോളൻ സർവകലാശാല നടത്തിയ ഒന്നാമത് രാജ്യാന്തര ദ്രവീഡിയൻ സെമിനാർ ഉൾപ്പെടെ നൂറിലേറെ ദേശീയ രാജ്യാന്തര സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ സ്വകാര്യ ചാനലിനു വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഭാഷാർഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം, കൂനൻതോപ്പ് എന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷയ്ക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1945 ഓഗസ്റ്റ് രണ്ടിന് വടക്കൻ പരവൂരിനടുത്ത് ഏഴിക്കരയിൽ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു. ഭാര്യ: പ്രഫ. പി.രാജലക്ഷ്മി (റിട്ട. മലയാളം വിഭാഗം പ്രഫസർ മീഞ്ചന്ത ഗവ. ആർട്സ് കോളജ്). മക്കൾ: കണ്ണൻ (ഓൺമനോരമ, കോട്ടയം). ആതിര (നർത്തകി). മരുമക്കൾ: സജന, രാജേഷ് (സോഫ്റ്റ് വെയർ എൻജിനീയർ തിരുവനന്തപുരം). സംസ്കാരം വ്യാഴം രാവിലെ 10ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.