
രാസലഹരി ഉപയോഗിച്ചാൽ പണി പോകും; സ്വകാര്യ സ്ഥാപനങ്ങളിലെ ‘ലഹരി അടിമകളെ’ പിരിച്ചുവിടാൻ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സ്വകാര്യ സ്ഥാപനങ്ങളിലെ ഉപയോക്താക്കളായ ജീവനക്കാർക്ക് ഇനി ജോലി പോകും. ജീവനക്കാർക്കിടയിൽ പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടാനുള്ള പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കാൻ പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും തയാറെടുക്കുന്നു. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. ഈ പദ്ധതിയോട് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു.
സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർക്ക് തടയിടാനായാൽ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള ‘പോഷ് ആക്ടിന്റെ’ മാതൃകയിൽ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്. ഘട്ടംഘട്ടമായി ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ രാസലഹരി ഉപയോഗിച്ചാൽ മൂന്ന് മാസം കഴിഞ്ഞു നടത്തുന്ന പരിശോധനയിൽ പോലും ഇതിന്റെ തെളിവുകൾ കണ്ടെത്താനാകും എന്നത് പദ്ധതിയുടെ നടത്തിപ്പിന് കരുത്താകും.