
തൃശൂര്: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടര്ന്ന് അവധിയിൽ പോയ കഴകക്കാരൻ ബാലു രാജി കത്ത് നൽകിയ സംഭവത്തിൽ തന്ത്രിമാര്ക്കും കൂടൽമാണിക്യം ദേവസ്വം ബോര്ഡിനുമെതിരെ തുറന്നടിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് ചെയര്മാൻ കെബി മോഹൻദാസ്. റിക്രൂട്ട്മെന്റ് ബോര്ഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ ചര്ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ബാലുവിനെ കഴക സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിച്ച കൂടൽമാണിക്യം ദേവസ്വത്തിന്റെ നിലപാടും തെറ്റാണെന്നും കെവി മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബാലു രാജിവെച്ച ഒഴിവിൽ വരുന്ന അടുത്ത ഉദ്യോഗാർഥി നിയമപ്രകാരം ഈഴവ വിഭാഗത്തിൽ നിന്ന് തന്നെയാണെന്നും കെബി മോഹൻദാസ് പറഞ്ഞു.
കൂടൽ മാണിക്യം ക്ഷേത്രമാണ് കഴകം തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയതിനുശേഷമാണ് ഉദ്യോഗാർത്ഥിയെ നിയമിച്ചത്. ഉദ്യോഗാർത്ഥി രണ്ടാഴ്ചയോളം ആ തസ്തികയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അയാളെ താൽക്കാലികമായി വേറെ തസ്തിയിലേക്ക് വിന്യസിച്ചു. ഇതിനുശേഷമാണിപ്പോള് അദ്ദേഹം രാജിവെച്ചത്. ഈഴവ കമ്യൂണിറ്റിക്ക് സംവരണ പ്രകാരം അർഹതപ്പെട്ടതാണ് സ്ഥാനം. ചെറിയ ഒരു റാങ്ക് പട്ടികയാണ് ഇപ്പോഴുള്ളത്.
തസ്തികമാറ്റി കൊടുക്കാൻ ഒരാള്ക്കും അധികാരമില്ല. താൽക്കാലികമായി വേറെ തസ്തികയിൽ നിയമിക്കുക അല്ലായിരുന്നു ദേവസ്വം ചെയ്യേണ്ടിയിരുന്നത്. തന്ത്രിമാരുമായി ആലോചിച്ച അതേ തസ്തികയിൽ നിലനിർത്തുകയായിരുന്നു വേണ്ടിയിരുന്നത്. പഴയ മാമൂലകളിൽ നിന്നും മാറാനാകാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വലിയ സമരത്തിന് ശേഷമാണ് ക്ഷേത്രപ്രവേശനം അനുവദിച്ചത്. അത് നിര്ബന്ധിച്ച് ചേയ്യേണ്ടിവന്നുവെന്നാണ് ചരിത്രം പറയുന്നത്. ബാലുവിന്റെ നിയമനത്തിൽ തന്ത്രിമാര് പറയുന്ന കാര്യം ശരിയല്ല. കാരായ്മ തസ്തിക അല്ല ഓപ്പൺ തസ്തികയാണത്. വേക്കൻസി റിപ്പോർട്ട് ചെയ്താൽ തസ്തികയുമായി മുന്നോട്ടു പോകും.
ദേവസ്വം റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ തെറ്റിദ്ധാരണ അകറ്റാൻ തന്ത്രിമാരെ ചർച്ചയ്ക്ക് ക്ഷണിച്ചതാണ്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും ചർച്ചയ്ക്ക് വരാൻ സന്നദ്ധനല്ല എന്ന മറുപടിയാണ് തന്ത്രി നൽകിയത്. നിസഹകരണമായിരുന്നു തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബാലുവിന്റെ നിയമന കാര്യത്തിൽ തന്ത്രിമാരുടെ നിലപാട് തെറ്റാണ്. നിയമനം റിക്രൂട്ട്മെന്റ് ബോർഡിന് വിട്ട ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ തീരുമാനത്തിൽ തന്ത്രിമാരും ഒപ്പിട്ടിരുന്നു. എന്നിട്ടാണ് കഴകത്തിന്റെ പേരിൽ ജാതി വിവേചനം കാട്ടിയത്. പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു തന്ത്രിമാർ ചെയ്തത്. ബാലുവിനെ മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിച്ച ദേവസ്വത്തിന്റെ നിലപാടും തെറ്റാണെന്നും കെ ബി മോഹൻദാസ് പറഞ്ഞു.
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]