
Written By Thorsten Benner, Director, Global Public Policy Institute
ഈ വർഷം ഫെബ്രുവരിയിൽ ഒരു സംഭാഷണത്തിനിടയിൽ ഒരു ഇന്ത്യൻ നിക്ഷേപകൻ എന്നോട് പറഞ്ഞു, “ജിയോപൊളിറ്റിക്കൽ മത്സരത്തിൽ ജർമ്മനിയും യൂറോപ്യൻ യൂണിയനും അപ്രസക്തമാണ്. നല്ല ശക്തിയും സമ്പദ് വ്യവസ്ഥയും സ്വതന്ത്രമായ വിദേശകാര്യ നയവുമാണ് പ്രധാനം.” അയാൾ ഇത് കൂടെ പറഞ്ഞു, “ഇന്ത്യ ഒരു വൻ ശക്തിയാണ്, ഈ സമയത്ത് ഇ.യു, ജർമ്മനി എന്നിവയേക്കാളും വലുത്.” യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഷപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. താൻ ചെറുതാണെന്ന് കരുതുന്നവരെ ഇകഴ്ത്തുന്ന രീതി – “നിങ്ങളുടെ കൈയ്യിൽ തന്ത്രങ്ങളൊന്നുമില്ല.” ജർമ്മനിക്ക് പ്രത്യേകിച്ചും യൂറോപ്യന്മാർക്കും പൊതുവായും ഇതൊരു പരിചയമുള്ള തണുപ്പൻ പരിഗണനയാണ്.
ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ദശാബ്ദങ്ങളിൽ ജർമ്മനി ഒരു “പൌരകേന്ദ്രീകൃത ശക്തി” ആകാനാണ് ശ്രമിച്ചത്. യൂറോപ്പിന്റെ പൊതുശക്തിയാകുക എന്നതായിരുന്നു അത്. 20 വർഷം മുൻപ് യൂറോപ്യൻ കൌൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സ്ഥാപകനായ മാർക്ക് ലിയോനാർഡ് “എന്തുകൊണ്ട് 21-ാം നൂറ്റാണ്ട് യൂറോപ്പ് നയിക്കും” എന്ന പ്രസിദ്ധീകരണത്തിൽ ഈ ആശകൾ വ്യക്തമായി പ്രതിഫലിപ്പിച്ചിട്ടുണ്ട്. അതിൽ പറയുന്നത് അമേരിക്ക നടത്തുന്ന മിലിട്ടറി അധിഷ്ഠിതമായ ശക്തിപ്രകടനം ആഴമില്ലാത്തതും ചെറുതുമാണ് എന്നാണ്. അതേ സമയം യൂറോപ്പിന്റെ സ്വാധീനം ദീർഘവും ആഴമുള്ളതുമാണ്, അത് അൽബേനിയ മുതൽ സാംബിയവരെ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്നു. അഞ്ച് വർഷം മുൻപ് മറ്റൊരു പുസ്തകമായ “ദി ബ്രസൽസ് ഇഫക്റ്റ്: എങ്ങനെയാണ് യൂറോപ്യൻ യൂണിയൻ ലോകം ഭരിക്കുന്നത്” യൂറോപ്പിന്റെ നിയന്ത്രണപരമായ സൂപ്പർപവർ ആഘോഷിക്കുന്നു.
ആ സ്വപ്നം എന്തായാലും ഇല്ലാതായെന്ന് ഇപ്പോൾ വ്യക്തമാണ്. ഒരു വിപണിയെ ആശ്രയിച്ച് സൌമ്യശക്തിയായി തുടരുന്നത് സത്യത്തിൽ ഇപ്പോൾ ആഴമില്ലാത്ത ചെറിയ രീതിയാണ്. ഇത് യൂറോപ്പ് വളരെ ദുഖത്തോടെയാണെങ്കിലും മനസ്സിലാക്കുകയാണ്, വൻശക്തികൾ അവരുടെ പിന്തുണ നൽകുന്ന, തങ്ങളെക്കാൾ ചെറുതായവരെ ഗൌനിക്കാത്ത യാഥാർത്ഥ്യമാണ് നിലനിൽക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നു. ജർമ്മനിയും യൂറോപ്പും മുന്നോട്ടുവെക്കുന്ന സാമൂഹിക വിപണിയും ഉദാര ജനാധിപത്യവും രാജ്യത്തിന് അകത്തുനിന്നുതന്നെയുള്ള വലതുപക്ഷ പാർട്ടികളെ പ്രതിരോധിക്കുമ്പോൾ തന്നെ ട്രംപിന്റെ യു.എസ്സിനോടും ഷീയുടെ ചൈനയോടും പുടിന്റെ റഷ്യയോടും മത്സരിക്കേണ്ടി വരുന്നു. അവരെല്ലാം തങ്ങളെക്കാൾ ചെറിയ ശക്തികളാണെന്ന് കരുതുന്നവർക്ക് മേൽ കുതിര കയറുകയാണ്. ഇതിൽ യൂറോപ്പും ഉണ്ട്.
അടുത്ത ജർമ്മൻ സർക്കാർ ഫ്രെഡ്രിക് മെഴ്സിന് കീഴിൽ മെയ് മാസം ചുമതലയേറ്റെടുക്കുമ്പോൾ അവർക്കുള്ള പ്രധാന ദൌത്യം ജർമ്മനിയുടെയും യൂറോപ്പിന്റെയും അധിപത്യം ഈ ദുഷ്കരമായ ലോകക്രമത്തിൽ വീണ്ടെടുക്കുകയാണ്. ഇവിടെ ശക്തിയുള്ളവനാണ് അധികാരം എന്നു മാത്രമല്ല ശക്തർ ജർമ്മനിയുടെയും യൂറോപ്പിന്റെയും പൌരാധിപത്യം സന്തുലിത ശക്തി എന്നിവയെ പരിഹസിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഫ്രെഡ്രിക് മെഴ്സ് പറഞ്ഞത് യു.എസിൽ നിന്നും എത്രയുംവേഗം യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടുക എന്നതാണ്. ഇത് നല്ലതാണ്. അദ്ദേഹം പറഞ്ഞു ജൂണിൽ നേറ്റോ സമ്മേളനം നടക്കുമ്പോൾ ഈ രൂപത്തിൽ നേറ്റോ ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല, മാത്രമല്ല യൂറോപ്പിനെ സംരക്ഷിക്കാൻ ഒരു സ്വതന്ത്രമായ പ്രതിരോധസേന സ്ഥാപിക്കേണ്ടി വരുന്നത് വേഗത്തിലാകുകയും വേണം എന്നാണ്.
ഫ്രാൻസിനോടും യു.കെയോടും സഹകരിച്ച് ആണവപങ്കുവെക്കൽ ചർച്ച ചെയ്യണം എന്നത് തന്നെ അദ്ദേഹം ഈ സാഹചര്യം എത്രമാത്രം ഗുരുതരമായാണ് കാണുന്നത് എന്നതിനുള്ള ഉദാഹരണമാണ്. മാത്രമല്ല പ്രതിരോധത്തിന് കൂടുതൽ പണം കണ്ടെത്താൻ സാമ്പത്തികനയം അദ്ദേഹം തിരുത്തിയേക്കും, വായ്പാ നയങ്ങളിലും മാറ്റം വരുത്തും, ഇത് പണം കൂടുതൽ ലഭിക്കാൻ സഹായിക്കും. ഈ അടുത്ത പാർലമെന്റിൽ പാസ്സാക്കിയ ഒരു ഭരണഘടനാ തിരുത്ത് അനുസരിച്ച് വായ്പാ തടസ്സമില്ലാതെ പ്രതിരോധത്തിനായി സർക്കാരിന് പണം ചെലവാക്കാനാകും എന്നതാണ്. ഇനി അടുത്ത പടിയായി ചെയ്യേണ്ടത് എല്ലാ യൂറോപ്യൻ യൂണിയൻ അംഗങ്ങളും സമാനമായ രീതിയിൽ പ്രതിരോധ നിക്ഷേപം നടത്താൻ പിന്തുണ നൽകുകയാണ്.
ട്രംപ് തുടങ്ങിയ ഈ വ്യാപാരയുദ്ധത്തിൽ യുറോപ്പ് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കണം. എന്നാൽ ട്രംപിന്റെ രീതികൾക്ക് അനുസരിച്ച് ബീജിങ്ങിനോട് താൽപര്യം കാണിക്കുന്നത് അപകടമാണ്. നേരെ മറിച്ച് നിലവിലെ വിതരണ ശൃംഖലകളിൽ ചൈനീസ് ആശ്രയത്വം കുറയ്ക്കുകയാണ് വേണ്ടത്. കാരണം “ചൈന ഷോക്ക് 2.0” വരുന്നത് ജർമ്മനിയുടെ പ്രധാന വ്യവസായങ്ങളായ ഓട്ടോമോട്ടീവ്, കെമിക്കൽ, മെഷീൻസ് ടൂൾസ് എന്നിവയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയന്റെ പ്രധാന വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് വേണ്ടത്. വളരെ അപകടം പിടിച്ച ഈ സാഹചര്യത്തിൽ എങ്ങനെ കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും പ്രധാന രാജ്യമാകണമെന്ന് ജർമ്മനി പഠിക്കണം. മറ്റു രാജ്യങ്ങളെ ബലിയാടാക്കി ചൈനയും യുഎസ്സും ചെയ്യുന്ന അതേ താൽപര്യം സ്വന്തം കാര്യത്തിലും യൂറോപ്പ് കൊണ്ടുവരണം. മാത്രമല്ല കൂടുതലും തദ്ദേശീയ ഡിമാൻഡിൽ വിശ്വസിക്കുകയും യൂറോപ്യൻ യൂണിയൻ മൊത്തവിപണിയിൽ നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കുകയും വേണം.
ജർമ്മനിയുടെയും യൂറോപ്പിന്റെയും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യ-പസിഫിക് മേഖലയിൽ വൈവിധ്യപൂർണമായ പങ്കാളിത്തം വേണ്ടത്. പുതിയലോകക്രമത്തിൽ ഇന്ത്യ വളരെ മികച്ച ഒരു പങ്കാളിയാണ്. മൊത്തം ലോകരാഷ്ട്രീയത്തിൽ ഇന്ത്യക്ക് മെച്ചപ്പെട്ട വീക്ഷണമുണ്ട്. സ്ഥിരമായ സഖ്യങ്ങളെക്കാൾ ഇന്ത്യ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള രാഷ്ട്രീയ പങ്കാളിത്തമാണ് സ്വീകരിക്കുന്നത്. ജർമ്മനിക്ക് താൽപര്യമുള്ള നിരവധി പങ്കാളിത്തമേഖലകൾ ഉണ്ട്. ഇതിൽ പ്രതിരോധം, സുരക്ഷ, ഊർജ്ജം എന്നിവ പ്രധാനമാണ്. ഇന്ത്യൻ വിപണിയും യൂറോപ്യൻ വിപണിയും വളരെ വലുതാണ്. കൃത്യമായി കാര്യങ്ങൾ ചെയ്താൽ രണ്ടു വിപണികളെയും ഒരുമിപ്പിക്കാനും രണ്ടുപേരുടെയും താൽപര്യങ്ങൾക്ക് അനുസൃതമായി നയിക്കാനും കഴിയും. ഇന്ത്യയുടെ വിജയങ്ങളെക്കുറിച്ച് ജർമ്മനി കൂടുതൽ ശ്രദ്ധാലുക്കളാകണം. പ്രത്യേകിച്ചും ഡിജിറ്റൽ അടിസ്ഥാനസൌകര്യങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ. പാർലമെന്റേറിയൻമാർ, ഗവഷേകർ, ചിന്തകർ തുടങ്ങിയവർ തമ്മിലുള്ള ചർച്ചകൾ നടക്കണം. ജർമ്മൻ, ഓസ്ട്രേലിയൻ, ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾ തമ്മിൽ നടത്തിയ റോബട്ട് ബോഷ് ഫൌണ്ടേഷൻ ഗ്ലോബൽ ഡയലോഹ് പ്രോഗ്രാം ഇതിന് നല്ല ഉദാഹരണമാണ്. ഈ പരിപാടി നടത്താൻ സാധിച്ചു എന്നതിലൂടെ നിരവധി ഇന്ത്യൻ പങ്കാളികളോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞു. ഡൽഹിയിൽ കാർണെഗി ഗ്ലോബൽ ടെക്നോളജി സമ്മേളനത്തിൽ അടുത്തയാഴ്ച്ച നടക്കുന്ന പരിപാടിയെക്കുറിച്ചും ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആശയങ്ങൾ പഠിക്കാനും പങ്കുവെക്കാനും ഇത് മികച്ച വേദിയാണ്. യൂറോപ്പ് ഈ ജിയോപൊളിറ്റിക്കൽ മത്സരത്തിൽ അപ്രസക്തരാണെന്ന് കരുതുന്ന ആ നിക്ഷേപകനും ഇതിൽ പങ്കെടുക്കുമെന്ന് കരുതട്ടെ. എത്ര വൈഷമ്യതയിലാണെങ്കിലും കളിക്കാൻ കളികൾ യൂറോപ്പിന്റെ കൈയ്യിൽ ഇനിയും കുറച്ചുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുമായിരിക്കും.
ഈ ലേഖനം കാർണെഗി ഇന്ത്യയുടെ ഒൻപതാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്റെ ഭാഗമായി “സംഭാവന” എന്ന പ്രമേയത്തിലുള്ള ലേഖനങ്ങളുടെ ഭാഗമായി സൃഷ്ടിച്ചതാണ്. ഏപ്രിൽ 10-12 തീയതികളിൽ നടക്കുന്ന സമ്മിറ്റിന്റെ പൊതു സെഷനുകൾ ഏപ്രിൽ 11-12 തീയതികളിലാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് സമ്മിറ്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]