
മാനന്തവാടി: കാട്ടിക്കുളം ബാവലി സര്‍ക്കാര്‍ യു.പി സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഓഫീസ് മുറിയടക്കമുള്ളയിടങ്ങളില് വലിയ നാശനഷ്ടമുണ്ടായെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയിലായിരുന്നു സാമൂഹിക വിരുദ്ധര്‍ സ്കൂളില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. ഓഫീസ് മുറിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ഗേറ്റിലും ചുമരിലുമടക്കം നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. മധ്യവേനല്‍ അവധിക്ക് സ്കൂള്‍ പൂട്ടിയതോടെയാണ് ശല്യം വര്‍ധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഓഫീസ് മുറിയുടെ അടക്കം ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം സമീപത്ത് താമസിക്കുന്ന സ്കൂളിലെ പാചക്കാരി കേട്ടിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരോ ഓടി പോകുന്നതായി കണ്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് നേരം പുലര്‍ന്നപ്പോഴാണ് നാശനഷ്ടം വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് മുന്‍പും സ്റ്റേജ്, ഡൈനിങ് ഹാള്‍, ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയവക്ക് സാമൂഹ്യ വരുദ്ധര്‍ നാശനഷ്ടം വരുത്തിയിരുന്നു. അന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരാളെ പോലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒരു മാസം മുമ്പ് ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്നും പരാതി നല്‍കിയിരുന്നതായി പി.ടി.എ പ്രസിഡന്റ് പറഞ്ഞു. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു.
സ്കൂള്‍ കോമ്പൗണ്ടിലൂടെ വഴി നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പ്രദേശവാസികളില്‍ ചിലരുമായി ഉണ്ട്. സ്കൂള്‍ വരാന്ത പോലും വഴി പോലെ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളടക്കമുള്ളവര്‍ മുമ്പ് രംഗത്തെത്തിയിരുന്നു. സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചതോടെ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും സ്കൂള്‍ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്കൂള്‍ പി.ടി.എ പ്രസിഡന്റിന്റെയും പ്രധാന അധ്യാപകന്റെയും പരാതിയില്‍ തിരുനെല്ലി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Last Updated Apr 1, 2024, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]