
കോഴിക്കോട്: താമരശേരിയിൽ സഹപാഠികളുടെ മർദ്ദനത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് പൊലീസ് ആയുധം കണ്ടെടുത്തത്. കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഇന്ന് രാവിലെ താമരശേരി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. താമരശേരി എസ് എച്ച് ഒ സായൂജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളുടെ ലാപ്ടോപ്പുകളും ഫോണുകളും ശേഖരിച്ചിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമായിരിക്കും തുടർന്നുളള അന്വേഷണം.
എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ഷഹബാസിനെ താമരശേരി സ്കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്ന് ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷഹബാസ് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. കേസിൽ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]