
കാസർകോട്: വാട്സാപ്പ് വഴി മുത്തലാഖ് സന്ദേശമയച്ച ഭർത്താവിനെതിരെ കോടതിയെ സമീപിച്ച് 21കാരി. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനി കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം. സന്ദേശത്തിൽ യുവതിക്ക് മാനസിക രോഗമുണ്ടെന്നും ഭർത്താവ് ആരോപിച്ചിട്ടുണ്ട്.
യുവതി കഴിഞ്ഞ ദിവസം ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭർത്താവ് ഈ പിതാവിന്റെ ഫോണിൽ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചെന്നാണ് പരാതി. 2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെയും വിവാഹം. തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലിം മതാചാരപ്രകാരം രജിസ്റ്റർ ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നുപറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞ 20 പവൻ ആഭരണങ്ങൾ അബ്ദുൽ റസാഖ് വിറ്റെന്നും പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയ സമയത്ത് 50 പവൻ ആവശ്യപ്പെട്ടിരുന്നുവെന്നും ബാക്കി സ്വർണം നൽകണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഭർത്താവിന്റെ അമ്മയും രണ്ട് സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും. അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല. രണ്ടര വർഷത്തോളം ഇങ്ങനെയായിരുന്നു. ആ സമയത്ത് ഭർത്താവ് നന്നായാണ് പെരുമാറിയത്. അതുകൊണ്ട് എല്ലാം സഹിച്ച് ജീവിച്ചു. ഒഴിവാക്കിയതിനുളള കാരണം അറിയില്ല. 2022ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്’- യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്ന് യുവതിയുടെ പിതാവും ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തുകയാണ്.