
ചണ്ഡിഗഡ്: ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട്കെയ്സിനുള്ളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. സോൻപത്തിലെ കതുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ റോഹ്തക്-ഡൽഹി ഹൈവേയിൽ സാംപ്ള ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്യൂട്ട്കെയ്സ് കണ്ടെത്തിയത്.
ഹിമാനി നർവാൾ ഹരിയാനയിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലടക്കം പങ്കെടുത്തിട്ടുണ്ട്. റോഹ്തക് എംപി ദീപീന്ദർ ഹൂഡയുടെ ഒപ്പമടക്കം വിവിധ രാഷ്ട്രീയ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. നാടോടി കലാരൂപമായ ഹരിയാൻവി നർത്തകി കൂടിയായിരുന്നു ഹിമാനി.
ബസ് സ്റ്റാൻഡിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്കെയ്സ് കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഹിമാനിയുടെ മൃതശരീരത്തിൽ അനേകം മുറിവുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെ മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം സ്യൂട്ട്കെയ്സിലാക്കി ബസ് സ്റ്റാൻഡിന് സമീപത്തായി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹിമാനിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ കോൺഗ്രസ് നേതാക്കൾ സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് കോൺഗ്രസ് എംഎൽഎ ഭരത് ഭൂഷൺ ബത്ര പറഞ്ഞു. വളരെ മികച്ച കോൺഗ്രസ് പ്രവർത്തകയായിരുന്നു അവർ. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.