
തൃശൂര്‍: ലഹരിയിൽനിന്ന് തിരിച്ചുവരാനാകുമെന്നതിന്റെ ഉദാഹരമാണ് പാലക്കാട് സ്വദേശിയായ സ്വാലിഹ്. ഒരുകാലത്ത് ലഹരി വാങ്ങുന്നതിനായി ബൈക്ക് മോഷണം വരെ നടത്തിയ സ്വാലിഹ് ഇന്ന് പൂര്‍ണമായും ലഹരിയിൽ നിന്ന് മുക്തനായി ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. അക്രമത്തിനും ലഹരിക്കുമെതിരെ ജാഗ്രതാ സന്ദേശവുമായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ മെഗാ ലൈവത്തോണിൽ സ്വാലിഹ് തന്റെ അനുഭവം പങ്കുവെച്ചു. ലഹരിയിൽ നിന്ന് പുറത്തുവരാനാകുമെന്നും എന്നാൽ സമൂഹം അംഗീകരിക്കാത്തതാണ് പ്രശ്നമെന്നും സ്വാലിഹ് പറഞ്ഞു പാലക്കാട് സ്വദേശിയായ സ്വാലിഹ് നിലവിൽ തൃശൂരാണ് താമസം.
സ്വാലിഹ് പറയുന്നു:
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുടങ്ങിയത്. സിഗരറ്റ് വലിച്ചാണ് തുടങ്ങിയത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് സിഗരറ്റ് ഒന്നിച്ച് വലിക്കും. പിന്നീട് അത് കഞ്ചാവിലേക്ക് മാറി. അതിന്റെ അളവ് പിന്നീട് കൂടി. ഒരിക്കലും നിര്‍ത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് അത് എത്തിച്ചത്. ഞങ്ങള്‍ 12 പേരാണ് ഇത്തരത്തിൽ ലഹരി ഉപയോഗിച്ചത്. കയ്യിൽ പൈസയില്ലാത്തതിനാൽ ലഹരി കിട്ടാത്ത അവസ്ഥ വന്നു. ഇതോടെ മോഷണം തുടങ്ങി. അത്തരത്തിൽ 12ഓളം ബൈക്കുകള്‍ മോഷ്ടിച്ചു. ബൈക്കുകള്‍ മോഷ്ടിച്ചുള്ള പണം കൊണ്ടാണ് ലഹരി വാങ്ങിയത്. ഡ്രഗ്സ് ഉപയോഗിക്കുന്ന സമയത്ത് അക്രമകാരിയായിരുന്നു.
ഉപ്പാന്റെ നേരെയാണ് കത്തിയെടുത്ത് ഞാൻ ചെന്നത്. ഉപ്പാന്റെ നേരയായിരുന്നു എന്റെ ആക്രമണം. ഡ്രഗ്സ് ഉപയോഗിക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് പെങ്ങളാണോ അച്ഛനാണോ സുഹൃത്താണോയെന്ന തിരിച്ചറിവ് ഉണ്ടാവില്ല. ഒറ്റപ്പാലം സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ അവിടത്തെ പൊലീസുകാര്‍ക്കുനേരെ അക്രമം നടത്തി. ലഹരി കിടാത്തതിനെ തുടര്‍ന്നാണ് അക്രമകാരികളായത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സൂപ്രണ്ട് സംസാരിച്ചു.
അവിടെ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, സൂപ്രണ്ടും മജിസ്ട്രേറ്റുമൊക്കെ നല്ലരീതിയിൽ പെരുമാറി. പൊലീസുകാരും പിന്തുണ നൽകി. എല്ലാവരും ലഹരിയിൽ നിന്ന് തിരിച്ചുവരാൻ ആവശ്യമായ പിന്തുണ നൽകി. ഇപ്പോള്‍ ഞങ്ങള്‍ 12പേരും ലഹരി ഉപയോഗത്തെ അതിജീവിച്ച് നല്ല രീതിയിൽ ജീവിക്കുന്നുണ്ട്. ലഹരി ബോധവത്കരണവുമായി സജീവമാണെന്നും പല രക്ഷിതാക്കളും രാത്രിയിൽ പോലും തന്നെ വിളിക്കാറുണ്ടെന്നും ലഹരിയിൽ നിന്ന് പുറത്തുവരാനാകുമെന്നും എന്നാൽ സമൂഹം അംഗീകരിക്കാത്തതാണ് പ്രശ്നമെന്നും സ്വാലിഹ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]