
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വൈറ്റമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വൈറ്റമിൻ ഡിയാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ വൈറ്റമിൻ ഡി പ്രധാനമാണ്.
എന്നാല്‍ അമിതമായാൽ അമൃതും വിഷം എന്നുപറയുന്നതുപോലെ വൈറ്റമിൻ ഡിയും അമിതമായാൽ ആപത്താണ്. വൈറ്റമിൻ ഡി സപ്ലിമെന്റുകളുടെ ഓവർ ഡോസ് മൂലം യുകെയില്‍ 89 വയസുകാരന് മരണപ്പെട്ടു എന്ന വാര്‍ത്ത പലരും അറിഞ്ഞിട്ടുണ്ടാകും. വൈറ്റമിൻ ഡി അമിതമായി കഴിക്കുന്നതുമായി ബന്ധപ്പെട്ട് ശരീരത്തിൽ കാത്സ്യം അടിഞ്ഞുകൂടുന്ന ഹൈപ്പർകാൽസെമിയ എന്ന രോഗബാധിതനായിരുന്നു വ്യവസായിയായ ഡേവിഡ് മിച്ചനര്‍.
വൈറ്റമിൻ ഡി സപ്ലിമെന്റ് അമിതമായി എടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് യുകെയിലെ ആരോഗ്യ വകുപ്പും പ്രാദേശിക മെഡിക്കൽ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും. അമിത ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് സപ്ലിമെന്റ് പാക്കേജിംഗിൽ തന്നെ വ്യക്തമാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പാക്കേജിംഗിൽ മുന്നറിയിപ്പുകൾ അച്ചടിക്കാൻ സപ്ലിമെന്റ് നിർമ്മാതാക്കളോട് ആവശ്യപ്പെടാൻ സ്റ്റീവൻസ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിക്കും ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പിനും പ്രാദേശിക മെഡിക്കൽ കമ്മ്യൂണിറ്റി കത്തെഴുതി. വൈറ്റമിൻ സപ്ലിമെന്റുകള്‍ അമിതമായി കഴിക്കുമ്പോൾ വളരെ ഗുരുതരമായ അപകടങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. മരിച്ച 89കാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 380 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി ഡോസ് കഴിക്കാവൂ.
വൈറ്റമിൻ ഡിയുടെ ഗുളികകള്‍ കഴിക്കുന്നതിന് പകരം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. കൂടാതെ മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. എന്തായാലും വൈറ്റമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഫാറ്റി ഫിഷ്, ഓറഞ്ച് ജ്യൂസ്, മഷ്റൂം, മുട്ട, ബീഫ് ലിവര്‍, പാല്, തൈര്, ബട്ടര്‍, ചീസ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയിലൊക്കെ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Mar 2, 2024, 11:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]