
തൃശൂർ: ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിന്റെ വസ്ത്രാലങ്കാരത്തിൽ കയ്യൊപ്പ് ചാർത്തി കുന്നംകുളത്തുകാരന്. കഴിഞ്ഞ 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യസംഘത്തെ തിരുവനന്തപുരം തുമ്പയിലെ വി എസ് എസ് സി സന്ദർശനവേളയിൽ പ്രഖ്യാപിച്ചത്. മലയാളിയും കുന്നംകുളം കിഴൂർ സ്വദേശിയുമായ ഡോ. വി കെ മോഹൻകുമാർ ഉൾപ്പെടെയുള്ള ബെംഗളൂരിലെ എൻ ഐ എഫ് ടി സംഘമാണ് ബഹിരാകാശ ദൗത്യസംഘത്തിൻ്റെ യൂണിഫോം ഡിസൈൻ ചെയ്തത്.
കുന്നംകുളം കീഴൂർ കാർത്തിക റോഡിൽ താമസിക്കുന്ന ഡോ.മോഹൻകുമാറിൻ്റെ വലിയപുരക്കൽ വീട്ടുകാർ വലിയ സന്തോഷത്തിലാണ്. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ഉദ്യോഗസ്ഥനായ അദ്ദേഹം കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ വന്നിരുന്നു. വടക്കാഞ്ചേരി വ്യാസ കോളേജിൽ നിന്നാണ് ഫിസിക്സിൽ ബിരുദമെടുത്തത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായി ഫാഷൻ ടെക്നോനോളജിയാണ് തെരഞ്ഞെടുത്തത്. ഡൽഹിയിലാണ് ഫാഷൻ ടെക്നോളജി പഠനം പൂർത്തീകരിച്ചത്.
ജപ്പാനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ 10 ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉൾപ്പെടുന്നതാണ് ബാംഗ്ലൂരിലെ എൻ ഐ എഫ് ടി. ആറു പേരടങ്ങുന്ന ടീമിൽ മൂന്ന് മലയാളികളും സംഘത്തിലുണ്ടായിരുന്നു. ആദായനികുതി വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ എൻ ഐ എഫ് ടി യിൽ ഡയറക്ടറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിയായ ഡോ. സൂസൻ തോമസാണ് ടീമിനെ നയിച്ചിരുന്നത്. ഒരു വർഷം നീണ്ടുനിന്ന പ്രൊജക്റ്റിൻ്റെ ഭാഗമായി 70 ഡിസൈനുകളാണ് നൽകിയിരുന്നത്.
ഇതിൽ നിന്നാണ് നീലയും വെള്ളയുമുള്ള ആകർഷണീയമായ ഡിസൈനുകൂടിയ വ്യത്യസ്തതയാർന്ന യൂണിഫോം തെരഞ്ഞെടുത്തത്. കഴിഞ്ഞ ജനുവരിയിൽ കിഴൂരിലെ വലിയപുരക്കൽ തറവാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഡോ. വി കെ. മോഹൻകുമാർ വന്നിരുന്നു. ഭാര്യ ഹോമിയോ ഡോക്ടറായ ശില്പ, പ്ലസ് ടു വിദ്യാർത്ഥി മായ, എഴാം ക്ലാസ് വിദ്യാർത്ഥി വേദ എന്നിവരടങ്ങുന്ന കുടുംബവുമൊത്ത് മോഹൻകുമാർ വർഷങ്ങളായി ബാംഗ്ലൂരിലാണ് താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]