
ഒരിടവേളയ്ക്ക് ശേഷം വൻ മുന്നേറ്റമാണ് 2024ൽ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വർഷം ഹിറ്റോടെ തുടങ്ങിയ ഇൻഡസ്ട്രിക്ക് ഒരു മാസം മൂന്ന് അൻപത് കോടി ക്ലബ്ബ് സിനിമകളാണ് ലഭിച്ചിരിക്കുന്നത്. അതും സൂപ്പർതാര, യുവതാര ചിത്രങ്ങൾക്ക്. പ്രേമലു ആണ് ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ മമ്മൂട്ടിയുടെ ഭ്രമയുഗവും ശേഷം മഞ്ഞുമ്മൽ ബോയ്സും എത്തി.
ഒരിടവേളയ്ക്ക് ശേഷം വൻ തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച ചിത്രങ്ങൾക്ക് മികച്ച ബുക്കിങ്ങും കളക്ഷനും ആണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയെ ‘പ്രേമയുഗം ബോയ്സ്’ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. ഈ അവസരത്തിൽ മൂന്ന് സിനിമകളും കേരളക്കരയിൽ എത്ര രൂപ നേടി എന്നതിന്റെ കണക്കുകൾ പുറത്തുവരികയാണ്.
നസ്ലെൻ നായകനായി എത്തിയ ചിത്രം 39.55 കോടിയാണ് കേരളത്തിൽ നിന്നും ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തി ഒന്ന് ദിവസത്തെ കണക്കാണിത്. നാളയോടെ ചിത്രം കേരളത്തിൽ 40കോടി തൊടുമെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിൽ 75കോടി അടുപ്പിച്ച് പ്രേമലു നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നിലവിൽ ചിത്രം 100കോടി ക്ലബ്ബിൽ എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മമ്മൂട്ടി നായകനായി എത്തിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം 21.65കോടിയാണ് കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ കണക്കാണിത്. ആഗോളതലത്തിൽ 55 കോടിയിലേക്കുള്ള യാത്രയിലാണ് ഭ്രമയുഗം എന്ന് ട്രാക്കർന്മാർ പറയുന്നു. നിലവിൽ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് 24.45 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. അതും വെറും എട്ട് ദിവസത്തിൽ. ആഗോളതലത്തിൽ ചിത്രം 50കോടി പിന്നിട്ടു കഴിഞ്ഞെന്നാണ് വിവരം. ഇന്നലെ മാത്രം കേരളത്തിൽ നിന്നും ചിത്രം നേടിയത് 2.05കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്തായാലും വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമ വീണ്ടും ട്രാക്കിലെത്തി എന്നതിന് വലിയ ഉദാഹരണമാണ് ഈ മൂന്ന് സിനിമകളും. ഇതര ഭാഷകളിലും സിനിമകളെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]