
മുംബൈ: ഐപിഎല്ലിന്റെ വരവോടെ ആഭ്യന്തര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും യുവതാരങ്ങള്‍ക്ക് താല്പര്യം കുറയുന്നതിന് തടയിടാന്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ. ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ രണ്ട് മാസം കൊണ്ട് കോടിപതികളാകുന്നതുപോലെ ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കുന്ന താരങ്ങളുടെയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളുടെയും പ്രതിഫലത്തില്‍ വന്‍ വര്‍ധന വരുത്താനാണ് ബിസിസിഐ തയാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാരുടെ പ്രതിഫലയിനത്തില്‍ മൂന്നിരട്ടിവരെ വര്‍ധന വരുത്തണമെന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ശുപാര്‍ശയാണ് ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്.
നിലവില്‍ ഒരു സീസണിൽ 10 രഞ്ജി ട്രോഫി മത്സരവും കളിക്കുന്ന ഒരു കളിക്കാരന് പരമാവധി 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഐപിഎല്‍ ടീമിലെത്തുന്ന ഒരു കളിക്കാരന് അടിസ്ഥാന വിലയായിപോലും 20 ലക്ഷം ലഭിക്കുമെന്നിരിക്കെ പലതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ജനുവരി മുതലെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങുന്നത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകൾ തന്നെ ഇല്ലാതാവാന്‍ കാരണമാകുമെന്ന തിരിച്ചറിവിലാണ് ബിസിസിഐയുടെ പുതിയ നീക്കം.
ഒരു രഞ്ജി സീസണ് മുഴുവന്‍ കളിക്കുന്ന കളിക്കാരന് പരമാവധി 75 ലക്ഷം രൂപയെങ്കിലും ലഭിക്കുന്ന രീതിയില്‍ പ്രതിഫലം ഉയര്‍ത്താനാണ് ശുപാര്‍ശ.അതുപോലെ ഒരുവര്‍ഷം ഇന്ത്യക്കായി എല്ലാ ടെസ്റ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് 15 കോടി രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന രീതിയില്‍ പ്രതിഫലഘടന പരിഷ്കരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിലൂടെ വമ്പന്‍ ഐപിഎൽ കരാര്‍ ലഭിക്കുന്ന ഒരു താരത്തിന് തത്തുല്യമായ പ്രതിഫലം ടെസ്റ്റിൽ മാത്രം കളിക്കുന്ന ഒരു കളിക്കാരനും ലഭിക്കും.എന്നാല്‍ പ്രതിഫലം ഒറ്റയടിക്ക് കുത്തനെ കൂട്ടാതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനായിരിക്കും ബിസിസിഐ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്ന് യുവതാരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന് കിഷനെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്.
Last Updated Mar 1, 2024, 6:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]