
മലപ്പുറം: പുറമണ്ണൂര്‍ മജ്ലിസ് കോളേജ് ക്യാമ്പസിനകത്ത് അപകടകരമായ രീതിയില്‍ കാര്‍ റേസിംഗ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കോളേജ് മാനേജ്മെന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.13ഓളം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വാഹന ഉടമസ്ഥര്ക്കെതിരെയുമാണ് അനുമതി ഇല്ലാതെ റേസിംഗ് നടത്തി, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുതത്ത്. 1,20,000 രൂപ പിഴയടക്കാനും എംവിഡി ഇവര്‍ക്ക് നോട്ടീസ് നല്കി.
ടൊയോട്ട ഫോര്‍ച്ചുണര്‍, ഫോര്‍ഡ് എന്‍ഡെവര്‍, ഇന്നോവ ക്രിസ്റ്റ, ജീപ്പ് കോമ്പസ് തുടങ്ങിയ ആഡംബര വിഭാഗത്തില്‍പ്പെടുന്ന കാറുകള്‍ ഉപയോഗിച്ചായിരുന്നു റേസിംഗ് നടത്തിയതെന്ന് എംവിഡി അറിയിച്ചു. റേസിംഗിന് ഉപയോഗിച്ച പല ആഡംബര വാഹനങ്ങളും വാടകയ്ക്കു എടുത്തിട്ടുള്ളവയാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ ദിവസം വാടകയ്ക്കു നല്‍കിയവര്‍ക്കെതിരെയും നിയമ നടപടി ഉണ്ടാവും. പുറത്തേക്കു തള്ളി നില്ക്കുന്ന തരത്തില്‍ വീതി കൂടിയ ടയറുകള്‍ ഘടിപ്പിച്ച വില്ലീസ് ജീപ്പും റേസിംഗില്‍ ഉപയോഗിച്ചതായി കണ്ടെത്തി. അനധികൃത രൂപ മാറ്റം നടത്തിയ വാഹനയുടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുകയും വാഹനം പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കോളേജ്, സ്കൂള്‍ ക്യാമ്പസുകളില്‍ ഇത്തരത്തില്‍ റേസിംഗ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം എന്‍ഫോഴ്സ്മന്റ് ആര്‍ടിഒ പിഎ നസീര്‍ അറിയിച്ചു
കോളേജ് ഡേ ആഘോഷ പരിപാടികളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കാറുകളുമായി ക്യാമ്പസിലെത്തിയത്. എന്നാല്‍ റേസിംഗ് നടത്തി, കോളേജിനുള്ളില്‍ ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതോടെ കോളേജ് അധികൃതര്‍ ക്യാമ്പസ് പ്രവേശന കവാടം അടച്ച ശേഷം വിവരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയെ അറിയിക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ജയചന്ദ്രന്, അസയ്നാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ സലീഷ്, മനോഹരന്, കരീം ചാലില്‍, ജെസ്സി എന്നിവരുടെ നേതൃത്വത്തിലുള്ള തിരുര്‍, തിരുരങ്ങാടി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
Last Updated Mar 1, 2024, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]