ഹൈദരാബാദ്: ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി അധികാരത്തിലെത്തിയ തെലങ്കാനയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷം. പത്ത് പാര്‍ട്ടി എംഎല്‍എമാര്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഗണ്ടിപേട്ടയിലുള്ള അനിരുദ്ധ് റെഡ്ഡി എംഎല്‍എയുടെ ഫാം ഹൗസില്‍ രഹസ്യയോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് പുതിയ രാഷ്ട്രീയ സംഭവവികാസം.
കോണ്ട്രാക്ടര്മാരുടെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിര്‍പ്പാണ് എംഎല്‍എമാരുടെ രഹസ്യയോഗത്തിനു പിന്നിലെന്നാണു വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎല്‍എമാരുടെ പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.
എംഎല്‍എമാരായ നയ്നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീര്‍ല ഇലയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. വിഷയത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടിയന്തരമായി ഇടപെട്ടു. ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും എംഎല്‍എമാരോട് നല്ല ബന്ധം പുലര്‍ത്തണമെന്ന് രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു. എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും അതിന് മുന്‍ഗണന നിര്‍ണയിക്കാനും മന്ത്രിമാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]