പ്രയാഗ്രാജ്: മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മുപ്പതോളം പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികൾ മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് അന്വേഷണ കമ്മീഷനുള്ളത്. ഇക്കാര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന് നൽകിയിട്ടുള്ള നിർദ്ദേശം. കുംഭമേള കലക്കാൻ വിദ്ധ്വംസക ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ കിംവദന്തികൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി 16,000-ലധികം മൊബൈൽ ഫോൺ നമ്പരുകൾ പരിശോധിച്ചു. ഇതിൽ പലതും ഇപ്പോൾ സ്വിച്ച് ഓഫ് ആയതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്. അന്വേഷണത്തിൽ പല നമ്പരുകളുടെയും ഉടമസ്ഥരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കൺട്രോൾ റൂമുകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മുഖം തിരിച്ചറിയാൻ കഴിയുന്ന ആപ്പിന്റെ സഹായത്തോടെ ഗൂഢാലോചനക്കാരെ കണ്ടെത്താനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സനാതന ധർമ്മത്തെ ഇടിച്ചുതാഴ്ത്താൻ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്നവരെയും അജ്ഞാതരെയും നിരീക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പാർക്കിംഗിനുള്ള സ്ഥലം പരമാവധി വർദ്ധിപ്പിക്കാനും ഭക്തർക്ക് പ്രശ്നങ്ങളില്ലാതെ കടന്നുപോകാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാർക്കുപകരം ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗി നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുണ്യസ്നാനത്തിനും മറ്റും തീർത്ഥാടകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ രാത്രിയിൽ മികച്ച രീതിയിൽ പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശമുണ്ടായി. റോഡുകൾ കൈവശപ്പെടുത്തുന്ന തെരുവുകച്ചവടക്കാർക്കെതിരെ നപടി സ്വീകരിക്കാനും ഇത്തരം പ്രദേശങ്ങളിൽ സുഗമ സഞ്ചാരത്തിന് അവസരമൊരുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതൽ ആംബുലൻസ്,മെഡിക്കൽ സംഘങ്ങളെ നിയോഗിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കി കുംഭമേളയ്ക്കിടെ ദുരന്തമുണ്ടായത്. മുപ്പതുപേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി പറയുന്നത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയെന്ന ആരോപണം ശക്തമാണ്.