
സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള ഉപകരണമോ പൊലീസ് ഉദ്യോഗസ്ഥർ; വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്ത നടപടിക്കെതിരെ സേനയിൽ അമർഷം പുകയുന്നു; പ്രതിയെ വെറുതേ വിട്ട കീഴ്ക്കോടതി വിധിയിൽ പിഴവുണ്ടെന്ന് നിയമോപദേശം നൽകിയത് അഡ്വക്കേറ്റ് ജനറൽ; ചാർജ് ഷീറ്റ് പരിശോധിച്ച എസ്പി അടക്കമുള്ളവർ വിദഗ്ധമായി തടിയൂരി
എ കെ ശ്രീകുമാർ
തിരുവനന്തപുരം: സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള ഉപകരണമാക്കി പൊലീസ് ഉദ്യോഗസ്ഥരേ മാറ്റുന്നതിൽ വ്യാപക പ്രതിഷേധവുമായി ഉദ്യോഗസ്ഥർ.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ റ്റി ഡി സുനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത നടപടിക്കെതിരെയാണ് സേനയിൽ അമർഷം പുകയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രതിയെ വെറുതേ വിട്ട കീഴ്ക്കോടതി വിധിയിൽ പിഴവുണ്ടെന്ന് നിയമോപദേശം നൽകിയത് അഡ്വക്കേറ്റ് ജനറൽ തന്നെയാണ്. തുടർന്ന് പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ അപ്പീലും ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഇതിന് ശേഷം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആക്ഷേപത്തിൻ്റെ ചുവട് പിടിച്ചാണ് സുനിൽകുമാറിനെ സസ്പെൻ്റ് ചെയ്തത്.
ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടായിട്ടും കീഴ്കോടതി നിരവധി തെളിവുകൾ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് സമർപ്പിച്ച ചാർജ് ഷീറ്റ് ഡിവൈഎസ്പി, പൊലീസിൻ്റെ നിയമോപദേശകർ,എസ് പി, ഡിഐജി തുടങ്ങിയവർ പരിശോധിക്കുന്നതുമാണ്. ഈ പരിശോധനകൾക്കെല്ലാം ശേഷമാണ് കോടതിക്ക് ചാർജ് ഷീറ്റ് നൽകുന്നത്. മേലുദ്യോഗസ്ഥർ രക്ഷപെട്ടപ്പോൾ പണി കിട്ടിയത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് മാത്രമാണ്.
കീഴ്ക്കോടതി വിധിയിൽ വീഴ്ചയുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ പറയുകയും, അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും ചെയ്യുമ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്ത് കേസിൻ്റെ ഭാവിയെ ബാധിക്കാനും സാധ്യതയുണ്ട്
കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറീസ് പണിഷ്മെന്റ് ആൻഡ് അപ്പീൽ റൂൾസ് പ്രകാരമാണ് പോലീസിൽ സസ്പെൻഷനും മറ്റു നടപടികളും എടുക്കേണ്ടത്. ഇതിൽ റൂൾ 11 പ്രകാരം കോടതിയുടെ പ്രതികൂല പരാമർശം പോലും നേരിട്ട ഒരു ഉദ്യോഗസ്ഥനെതിരെയായാലും നടപടി എടുക്കാൻ പാടില്ല.
പകരം അതിനെതിരെ അന്വേഷണം നടത്തി അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ കേൾക്കണമെന്നാണ് ചട്ടം. അതിന് ശേഷം വേണം നടപടി എടുക്കാൻ.
എന്നാൽ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തിൽ ഒരു മെമ്മോ കൊടുത്തിട്ടില്ല.
കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറീസ് പണിഷ്മെന്റ് ആൻഡ് അപ്പീൽ റൂൾസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് റ്റി ഡി സുനിൽകുമാറിൻ്റെ സസ്പെൻഷനിലൂടെ നടപ്പാക്കിയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]