ന്യൂയോർക്ക്: കൈകളിൽ കാണപ്പെടുന്ന ചതവുകളെയും നിറവ്യത്യാസത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഡോക്ടർമാർ നിർദ്ദേശിച്ചതിനേക്കാൾ ഉയർന്ന അളവിൽ താൻ ആസ്പിരിൻ ഗുളികകൾ കഴിക്കുന്നുണ്ടെന്നും ഇതാണ് ചർമ്മത്തിലെ പാടുകൾക്ക് കാരണമെന്നും വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
രക്തം കട്ടി കുറഞ്ഞു ഒഴുകുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന വിശ്വാസത്തിലാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് 79 കാരനായ ട്രംപ് വ്യക്തമാക്കി. അൽപ്പം അന്ധവിശ്വാസം കഴിഞ്ഞ 25 വർഷമായി താൻ ആസ്പിരിൻ ഉപയോഗിക്കുന്നുണ്ടെന്നും ഇതിൽ തനിക്ക് അൽപ്പം ‘അന്ധവിശ്വാസം’ ഉണ്ടെന്നും ട്രംപ് തുറന്നുപറഞ്ഞു.
ഹൃദയത്തിലൂടെ രക്തം കട്ടിയായി ഒഴുകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നേർത്ത രക്തം ഒഴുകുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആസ്പിരിൻ അമിതമായി ഉപയോഗിച്ചാൽ ചർമ്മത്തിനടിയിൽ ചെറിയ രക്തസ്രാവമുണ്ടാകാനും പാടുകൾ വരാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രംപിന്റെ വലതുകൈയിൽ നേരത്തെ തന്നെ ഇത്തരം പാടുകൾ ദൃശ്യമായിരുന്നുവെങ്കിലും അടുത്തിടെ അത് മറയ്ക്കാനായി വലിയ അളവിൽ മേക്കപ്പും ബാൻഡേജുകളും ഉപയോഗിച്ചു തുടങ്ങിയതാണ് വലിയ ചർച്ചകൾക്ക് വഴിമാറിയത്. പൊതുവേദികളിൽ ക്യാമറക്കണ്ണുകളിൽ നിന്ന് ഈ കൈ മറച്ചുപിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും നിരീക്ഷകർ കണ്ടെത്തിയിരുന്നു.
കൈകളിലെ ചതവുകൾക്ക് പുറമെ കാലുകളിലെ വീക്കവും പൊതുപരിപാടികൾക്കിടെ അദ്ദേഹം ഉറക്കം തൂങ്ങുന്നതും അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കുന്ന വ്യക്തി എന്ന നിലയിൽ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്.
സ്വന്തം ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ ട്രംപ് പുലർത്തുന്ന വിമുഖതയെ മുൻപും പലരും വിമർശിച്ചിട്ടുണ്ട്. ആസ്പിരിൻ ഉപയോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ അനുയായികൾക്കിടയിലും മെഡിക്കൽ വിദഗ്ധർക്കിടയിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

