തിരുവനന്തപുരം: മുസ്ളീം വോട്ടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല. എഎൻഐയോട് സംസാരിക്കുകയായിരുന്നു പൂനെവാല.
‘സനാതന ധർമ്മത്തെ അപമാനിച്ച പിണറായി വിജയൻ ഇപ്പോൾ സ്വന്തം പ്രസ്താവനയെ ന്യായീകരിക്കുകയാണ്. മുസ്ളീം വോട്ടുബാങ്ക് പിടിക്കാൻ നന്നായി ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയാണിത്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി അദ്ദേഹം സനാതന ധർമ്മത്തെ അനാദരിക്കുകയാണ്’ -എന്നാണ് പൂനെവാല വിമർശിച്ചത്. ഇതിനുമുൻപും മുഖ്യമന്ത്രിയുടെ സനാതന ധർമ്മ പരാമർശത്തിൽ പൂനെവാല വിമർശനം ഉയർത്തിയിരുന്നു.
പുതുവർഷമായിട്ടും ചിന്താഗതിക്ക് മാറ്റമൊന്നുമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കോൺഗ്രസിനെ മറികടന്നിരിക്കുകയാണ് ഇടതുപക്ഷം. ഹിന്ദു വിശ്വാസത്തെയും സനാതന ധർമ്മത്തെയും അല്ലാതെ മറ്റേതെങ്കിലും മതത്തിനെതിരെ പറയാൻ ഇവർ ധൈര്യം കാണിക്കുമോയെന്നായിരുന്നു പൂനെവാല കഴിഞ്ഞദിവസം വിമർശിച്ചത്.
ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല. ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമധർമ്മം ഉയർത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ഗുരു കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്തു. ആ ഗുരു എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവാകും? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിയിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും? മതങ്ങൾ നിർവചിച്ചുവച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗ ധർമ്മം. അതിനെ സനാതനധർമ്മത്തിന്റെ ചട്ടക്കൂടിലാക്കാൻ ശ്രമിച്ചാൽ വലിയ ഗുരുനിന്ദയാവും എന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]