ആഗ്ര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലിൽ കഴിയുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ 30കാരൻ ബാദൽ ബാബു ആണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടെ പാകിസ്ഥാൻ ജയിലിലായത്. അലിഗഡിലെ ഖട്ടാരി ഗ്രാമവാസിയായ ഇയാൾ ഡൽഹിയിലെ ഒരു തുണി ഫാക്ടറിയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഇയാളെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ടി ബഹൗദീൻ നഗരത്തിൽ വച്ചാണ് യുവാവ് പൊലീസിന്റെ മുന്നിൽ പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ രണ്ട് തവണ ഇയാൾ പാക് അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നതായും വിവരമുണ്ട്.
1946ലെ പാകിസ്ഥാൻ വിദേശനിയമത്തിലെ 13, 14 വകുപ്പുകൾ ചുമത്തിയാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബാബുവിപ്പോൾ ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
മകൻ പാകിസ്ഥാൻ ജയിലിലാണെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് ബാബുവിന്റെ മാതാപിതാക്കൾ അറിഞ്ഞത്. ആരോടും അധികം സംസാരിക്കാത്ത അന്തർമുഖ സ്വഭാവമുള്ള ബാദൽ ബാബു കാമുകിയെ കാണാനായി ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പാക് യുവതിയുമായുള്ള ബാദൽ ബാബുവിന്റെ പ്രണയത്തെക്കുറിച്ചും അവർക്കറിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നവംബർ 30നാണ് യുവാവ് അവസാനമായി വീട്ടിൽ വീഡിയോ കോൾ ചെയ്തത്. ഇതിന് ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ദുബായിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയതെന്നും മാതാപിതാക്കൾ പറഞ്ഞു. മകനെ രക്ഷിക്കാൻ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെടണമെന്നും കുടുംബം അഭ്യർത്ഥിച്ചു.