ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു. മോചനത്തിനായി ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചതോടെയാണിത്. ഡൽഹിയിൽ സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. മാനുഷിക പരിഗണനവച്ച് വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് മാദ്ധ്യമങ്ങളോട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. ബ്ലഡ് മണി നൽകി മോചനം സാദ്ധ്യമാക്കാനുള്ള വഴികൾ ബന്ധുക്കൾ തുടരുന്നുണ്ടെങ്കിലും തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നത് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകരിൽ ഒരാൾ പറയുന്നത്. ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുകയാണ്. ചർച്ചകൾക്കായി യെമനിലെത്തിയ നിമിഷപ്രിയയുടെ മാതാവ് പത്മകുമാരി അവിടെ തുടരുകയാണ്. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോമിന്റെ സംരക്ഷണയിലാണ് അവർ.
2017ലായിരുന്നു നിമിഷപ്രിയയുടെ അറസ്റ്റിലേക്ക് വഴിതെളിച്ച സംഭവം ഉണ്ടായത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചത് യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം.ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]