കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ ദിവ്യ ഉണ്ണി മടങ്ങിയത്.
വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോയത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു.
സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വേദിയിൽ സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് സംയുക്ത പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു. താൽക്കാലികമായി നിർമിച്ച വേദിക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസും അഗ്നിരക്ഷാ സേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു. നൃത്തപരിപാടിക്കിടെ സംഘാടകരായ മൃദംഗ വിഷൻ സിഇഒയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിഇഒ ഷമീർ അബ്ദുള്ള റഹീം ആണ് കസ്റ്റഡിയിലായത്. ഓസ്കാർ ഇവന്റ്സിന്റെ മാനേജരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.