കാസർകോട് : പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം സ്വതവേ കടുത്ത യാത്രാദുരിതം നേരിടുന്ന വടക്കൻ കേരളത്തിന് ഇരുട്ടടിയായി. ഷൊർണൂർ കണ്ണൂർ സ്പെഷ്യൽ മംഗളൂരുവിലേക്ക് നീട്ടി കണ്ണൂരിന് വടക്കുള്ള കടുത്ത യാത്രാക്ളേശത്തിന് പരിഹാരം കാണണമെന്ന അഭ്യർത്ഥന ചെവിക്കൊള്ളാതെയാണ് നിലവിലുള്ള ട്രെയിനുകളുടെ സമയത്തിൽ അധികൃതർ മാറ്റം വരുത്തിയത്.
കോഴിക്കോട് നിന്ന് ഉച്ചക്ക് 1.25ന് കോയമ്പത്തൂർ പാസഞ്ചർ, 2.05ന് ഷൊർണൂർ -കണ്ണൂർ പാസഞ്ചർ, 2.15ന് ചെന്നൈ-മംഗളുരു എഗ്മോർ എക്സ്പ്രസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് സമയമാറ്റം. പിന്നീട് കണ്ണൂരിന് വടക്കോട്ടുള്ള ഏക ട്രെയിനായ പരശുറാം അഞ്ചുമണിക്കാണ്. ആദ്യ മൂന്ന് ട്രെയിനുകൾ അൻപത് മിനിറ്റിനിടെ കോഴിക്കോട് നിന്ന് വടക്കോട്ട് പുറപ്പെടുമ്പോൾ അടുത്ത ട്രെയിനിന് ഇനി 2.45 മിനിറ്റ് കാത്തിരിക്കേണ്ടി വരും.നേരത്തെ എഗ്മോർ – മംഗളൂരു എക്സ്പ്രസ് 2.45നായിരുന്നു കോഴിക്കോട് നിന്ന് പുറപ്പെട്ടിരുന്നത്.
കാത്തിരിപ്പ് കൂടുന്നു
ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം ക്രമീകരിച്ചാൽ വടക്കോട്ട് ചെറുവത്തൂർ വരെയുള്ള യാത്രക്കാർക്ക് ഉപകരിക്കുമെന്നത് സമയമാറ്റത്തിൽ റെയിൽവേ കണക്കിലെടുത്തില്ല. കണ്ണൂരിൽ നിന്ന് അഞ്ചരക്ക് ചെറുവത്തൂർ പാസഞ്ചർ ആയി ഓടുന്ന ട്രെയിൻ കൂടിയാണ് ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിൻ.
നാല് മണിക്ക് കോഴിക്കോട് എത്തുന്ന പരശുറാം അഞ്ചു മണിക്കാണ് കോഴിക്കോട് നിന്ന് വിടുന്നത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തിൽ മംഗള എക്സ്പ്രസ് കൂടി കടന്നുവരും. ഉച്ചക്ക് 2.45 മണി കഴിഞ്ഞാൽ കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് അഞ്ചു മണിവരെയുള്ള ഇടവേള അരമണിക്കൂർ കൂട്ടുകയാണ് സമയമാറ്റത്തിലൂടെ ചെയ്തത്. ഇതിന് പുറമെ 2.05 ന് പുറപ്പെടുന്ന പാസഞ്ചറിനെ സ്ഥിരമായി വടകരക്ക് മുൻപ് പിടിച്ചിടുന്ന പതിവും തുടരും.
വടക്കോട്ട് നീട്ടുമോ ഷൊർണൂർ കണ്ണൂർ സ്പെഷ്യൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ കോഴിക്കോട് നിന്നോ കണ്ണൂർ നിന്നോ വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. സമയമാറ്റം യാത്രക്കാർക്ക് ഉപകരിക്കുന്ന രീതിയിലാക്കാത്ത റെയിൽവേയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് യാത്രക്കാരിൽ നിന്നുണ്ടാകുന്നത്. ഷൊർണ്ണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ മംഗളൂരു വരെ നീട്ടി പരശുറാമിന്റെ സമയത്ത് ഓടിയിരുന്നുവെങ്കിൽ യാത്രാദുരിതം വലിയൊരളവിൽ പരിഹരിക്കപ്പെടുമായിരുന്നു.എന്നാൽ കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് നേരത്തെ മുതലുള്ള യാത്രാദുരിതം ഇരട്ടിപ്പിക്കുന്നതായി പുതിയ പരിഷ്കാരം.
വടക്കൻ കേരളത്തിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് കാലമായി പരാതി നിലനിൽക്കുകയാണ്. കാസർകോട് എം.പി മനസ് വെച്ചാൽ ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ നടത്തി നിഷ്പ്രയാസം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമാണിത്. ഇല്ലെങ്കിൽ ഈ വിഷയം ചർച്ച ചെയ്യാൻ അവസരമുണ്ടാക്കണം. നിലവിൽ അത്തരമൊരു നടപടി ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.- ആർ. പ്രശാന്ത് കുമാർ (കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്).