അങ്ങനെ വീണ്ടും ഒരു പുതുവർഷം കൂടി പിറന്നു. പുതുവർഷത്തിന് ഓരോ നാട്ടിലും വ്യത്യസ്ത രീതിയിലുള്ള വരവേൽപുണ്ട്. അത്തരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില പുതുവത്സര വിശേഷങ്ങൾ…
ജപ്പാൻ : ടോഷികോഷി സോബ കഴിക്കാം…
വർഷാവസാനം ഷിവസു ( Shiwasu ) എന്നാണ് ജപ്പാനിൽ അറിയപ്പെടുന്നത്. കുടുംബവുമായി യാത്രകൾ പോവുക, പാർട്ടികൾ നടത്തുക, വീട് വൃത്തിയാക്കുക തുടങ്ങി പരമ്പരാഗതമായ നിരവധി രീതികൾ ഇക്കാലയളവിൽ ജപ്പാൻകാർ പിന്തുടരുന്നു. വർഷം അവസാനിക്കുന്നതിന്റെ സ്മരണാർത്ഥം ഡിസംബർ 31ന് ജപ്പാൻകാർ കഴിക്കുന്ന വിഭവമാണ് ടോഷികോഷി സോബ. ഇയർ ക്രോസിംഗ് ന്യൂഡിൽസ് എന്നറിയപ്പെടുന്ന, വളരെ എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന സോബ ന്യൂഡിൽസ് ആ വർഷം അനുഭവിച്ച ബുദ്ധിമുട്ടുകളെ മറക്കാനുള്ള വിഭവമായിട്ടാണ് കണക്കാക്കുന്നത്. മിസോകോ സോബ, സുഗോമോറി സോബ, ഫുകു സോബ തുടങ്ങി നിരവധി പേരുകളിൽ ഈ വിഭവം ജപ്പാനിൽ അറിയപ്പെടുന്നു. ദീർഘായുസിന്റെയും ശക്തിയുടെയും പ്രതീകമായും കണക്കാക്കപ്പെടുന്ന സോബ ന്യൂഡിൽസ് പാരമ്പര്യം ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു.
സ്പെയിൻ : മുന്തിരി മസ്റ്റാണ് !
വരുന്ന വർഷം മുഴുവൻ ഭാഗ്യം കടന്നുവരാൻ 12 മുന്തിരിങ്ങ കഴിച്ചാൽ മതിയെന്നാണ് സ്പെയിൻകാർക്കിടയിലെ വിശ്വാസം. മദ്ധ്യ അമേരിക്ക, തെക്കൻ അമേരിക്കൻ ഭാഗങ്ങളിലും മറ്റും ഈ രീതി പിന്തുടരുന്നുണ്ട്. 12 മുന്തിരികൾ 12 മാസങ്ങളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, സംഗതി അത്ര ഈസിയാണെന്ന് കരുതേണ്ട, ക്ലോക്കിൽ 12 മണി മുഴങ്ങിയാൽ ഉടൻ ഒന്നിനു പിറകേ ഒന്നായി 12 സെക്കന്റിനുള്ളിൽ തന്നെ മുന്തിരിങ്ങ കഴിക്കണം. പച്ച നിറത്തലുള്ള അരിയില്ലാത്ത ചെറിയ മുന്തിരിയാണ് കൂടുതൽ പേരും ഇതിനായി തിരഞ്ഞെടുക്കുന്നത്.
ഗ്രീസ് : കുറച്ച് ഉള്ളി എടുക്കട്ടെ ?
ഗ്രീക്കുകാരുടെ വിശ്വാസമനുസരിച്ച് ഉള്ളി പുനർജന്മത്തെ പ്രതിനിധീകരിക്കുന്നു. വരും വർഷത്തിൽ വളർച്ചയും ഐശ്വര്യവുമുണ്ടാകാൻ ഡിസംബർ 31ന് വീടിന്റെ കതകിന് മുന്നിൽ ഗ്രീക്കുകാർ ഉള്ളി തൂക്കിയിടാറുണ്ട്. ഒപ്പം വസിലോപിത എന്ന കേക്ക് പുതുവത്സര ദിനത്തിൽ ഗ്രീക്കുകാർ ഉണ്ടാക്കുന്നു. കേക്കിനകത്ത് ഒരു നാണയം ഒളിപ്പിച്ചിരിക്കും. പ്രിയപ്പെട്ടവരെല്ലാം ചേർന്ന് കേക്ക് മുറിക്കുന്നു. കേക്കിലെ നാണയം ലഭിക്കുന്നവർക്ക് ആ വർഷം മുഴുവൻ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ട്.
റഷ്യ : ആഗ്രഹങ്ങളുടെ ചാരവും ഒരു ഗ്ലാസ് ഷാംപെയ്നും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോയ വർഷത്തെ നഷ്ട സ്വപ്നങ്ങൾ, പാളിപ്പോയ പദ്ധതികൾ… ഇതെല്ലാം മറന്ന് ഫ്രഷായിട്ടുള്ള ഒരു തുടക്കമായിട്ടാണ് റഷ്യക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഡിസംബർ 31ന് അർദ്ധരാത്രിയ്ക്ക് മുമ്പ് വരുംവർഷത്തേക്കുള്ള തങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഇവർ ഒരു പേപ്പറിൽ എഴുതും. ശേഷം അത് കത്തിക്കുന്നു. പേപ്പർ കത്തി അവസാനിക്കുമ്പോൾ ചാരം എടുത്ത് ഷാംപെയ്ൻ നിറച്ച ഗ്ലാസിലേക്ക് വിതറുന്നു. ക്ലോക്കിൽ 12 മണി മുഴങ്ങിക്കഴിയുമ്പോൾ ആഗ്രഹങ്ങൾ നിറച്ച ആ ഷാംപെയ്ൻ കുടിക്കുന്നു. ഇതിലൂടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം.