വാഷിംഗ്ടൺ: യു.എസിൽ ലൂസിയാനയിലെ ന്യൂ ഓർലീൻസ് നഗരത്തിൽ പുതുവർഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടെയിലേക്ക് പിക്ക്അപ് ട്രക്ക് ഇടിച്ചുകയറി പത്ത് പേർക്ക് ദാരുണാന്ത്യം. 35 പേർക്ക് പരിക്കേറ്റു. അക്രമി ഷംസുദ് ദിൻ ജബ്ബാറിനെ (42) പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 3.15ന് (ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.45) പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബോർബൺ സ്ട്രീറ്റിലായിരുന്നു സംഭവം. അമിത വേഗത്തിൽ ട്രക്കുമായി പാഞ്ഞ് ആളുകളെ ഇടിച്ചുവീഴ്ത്തിയ അക്രമി, തടയാൻ ശ്രമിച്ച പൊലീസിന് നേരെ വെടിവയ്പും നടത്തി. രണ്ട് പൊലീസുകാർക്ക് വെടിയേറ്റു. ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണ്. സംഭവത്തിന് ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി എഫ്.ബി.ഐ അറിയിച്ചു. പ്രതിയുടെ ട്രക്കിൽ ഭീകരസംഘടനയായ ഐസിസിന്റേതുമായി സാമ്യമുള്ള കറുത്ത പതാക ഘടിപ്പിച്ചിരുന്നു. വിദേശ തീവ്രവാദ സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ട്രക്കിനുള്ളിൽ ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെത്തി. ഷംസുദ് ടെക്സസിൽ താമസമാക്കിയ ആളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ യു.എസ് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. അക്രമി വളരെ ആസൂത്രിതമായാണ് പെരുമാറിയതെന്നും കൂടുതൽ ആളുകളെ ട്രക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.