മയാമി: ഫ്ലോറിഡയിലെ തന്റെ റിസോർട്ടായ മാർ – അ – ലാഗോയിൽ സുഹൃത്തുക്കൾക്കും സെലിബ്രിറ്റികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമായി വമ്പൻ പുതുവർഷ വിരുന്നൊരുക്കി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തു. നാല് വയസുള്ള മകൻ എക്സും മസ്കിനൊപ്പമുണ്ടായിരുന്നു. എക്സിനെ ചുമലിലേറ്റി നൃത്തം ചെയ്യുന്ന മസ്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മസ്കിന്റെ അമ്മ മേയ്, നിയുക്ത യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഭാര്യ ഉഷ, സെനറ്റർ ടെഡ് ക്രൂസ്, ബോക്സിംഗ് പ്രമോട്ടർ ഡോൺ കിംഗ്, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തുടങ്ങി നിരവധി അതിഥികളും ട്രംപും ഭാര്യ മെലാനിയയും ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. ഈ മാസം 20നാണ് ട്രംപ് അധികാരമേൽക്കുന്നത്. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് ട്രംപ് പ്രഖ്യാപിച്ച സർക്കാർ കമ്മിഷനായ ഡോഷിനെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി/ കാര്യക്ഷമതാ ഡിപ്പാർട്ട്മെന്റ്) നയിക്കുക മസ്കും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയുമാണ്.