ടെൽ അവീവ്: ഗാസയിലെ ഉന്നത ഹമാസ് കമാൻഡർമാരിൽ ഒരാളായ അബ്ദുൾ അൽ-ഹാദി സഹാബിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രയേൽ. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് ഇയാൾ. ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വച്ചാണ് ഇയാളെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവിടെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ നിന്നാണ് ഇയാൾ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് യൂണിറ്റ് കമാൻഡർ അനസ് മുഹമ്മദ് മസ്രിയേയും ഇസ്രയേൽ വധിച്ചു. അതേസമയം, പുതുവത്സര ദിനമായ ഇന്നലെ അൽ-ബുറെയ്ജ് അഭയാർത്ഥി ക്യാമ്പിലും ജബലിയ പട്ടണത്തിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 45,550 കടന്നു.