കൊച്ചി: ഉമ തോമസ് എംഎൽഎ വീണ് പരിക്കേൽക്കാനിടയായ സംഭവത്തിൽ പ്രതി ചേർത്ത മൃദംഗ വിഷൻ മുഖ്യ ഉടമ എം നിഘോഷ് കുമാർ (40) ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം. ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമ തോമസിന് പരിക്കേറ്റ കേസിൽ മാത്രമല്ല സാമ്പത്തിക തട്ടിപ്പിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗിന്നസ് റെക്കാഡ് സ്വന്തമാക്കാമെന്ന പേരിൽ പണപ്പിരിവ് നടത്തിയതിനാണിത്. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പണയിടപാട് രേഖകൾ ഉൾപ്പടെ ഇന്ന് പരിശോധിക്കും.
നൃത്തസന്ധ്യയിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. അദ്ധ്യാപകർ വഴിയാണ് പണപ്പിരിവ് നടന്നത്. പരിപാടിയുടെ അംബാസഡറായിരുന്ന നടി ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. പരിപാടിക്കായി ഒപ്പിട്ട കരാർ ഹാജരാക്കാൻ ദിവ്യയോട് ആവശ്യപ്പെട്ടു.
അതേസമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ പാലിക്കുന്നതായും ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. ഇതോടെ തലയുടെ പരിക്ക് സംബന്ധിച്ച ആശങ്ക ഒഴിവായി. ശ്വാസകോശത്തിന്റെ സ്ഥിതിയിലും പുരോഗതിയുണ്ടെന്ന് റിനൈ മെഡ്സിറ്റി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ രാവിലെ അടുത്തെത്തിയ മക്കൾക്ക് ഉമ പുതുവർഷ ആശംസ അറിയിച്ചു. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തിനെ തിരിച്ചറിഞ്ഞു. പരിചയമുള്ളവരെ തിരിച്ചറിയുന്നത് ശുഭലക്ഷണമാണെന്ന് കൃഷ്ണനുണ്ണി പറഞ്ഞു. ഇടയ്ക്കിടെ സ്വയം ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. പൂർണമായി ശ്വസിക്കാൻ കഴിയുന്നതുവരെ വെന്റിലേറ്ററിൽ തുടരും. ഇന്നലെ രാവിലെ എക്സ്റേ പരിശോധനയിൽ ശ്വാസകോശത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.