
ഗുണനിലവാരമുളള സേവനവും, സാമൂഹിക ദൗത്യവും ഇഴകി ചേർന്ന ആതുരാലയമായി ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ രാജഗിരി ആശുപത്രിക്ക് കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ്. ചാവറ കുര്യാക്കോസ് അച്ചൻ പകർന്ന സാമൂഹ്യ സേവനത്തിന്റെ പാഠം ഉൾക്കൊള്ളുന്നതാണ് രാജഗിരി ആശുപത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. രാജഗിരി ആശുപത്രിയുടെ പത്താം വാർഷീക പരിപാടികൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു. പത്താം വാർഷീകത്തോട് അനുബന്ധിച്ച് ഒരുങ്ങുന്ന ആശുപത്രിയുടെ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപനവും ഗവർണർ നിർവ്വഹിച്ചു. പുതിയ ബ്ലോക്കിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു എന്നത് രാജഗിരിയുടെ സാമൂഹ്യ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ‘സഹനജീവിതത്തിന് അനന്തമായ പരിചരണം’ എന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെ സന്ദേശ ഫലകം ഗവർണറുടെ പത്നി ലക്ഷ്മി ആനന്ദ ബോസ് അനാവരണം ചെയ്തു.
ആരോഗ്യസംരക്ഷണത്തിന്റെ കേന്ദ്രമായി കൊച്ചി വളർന്നപ്പോൾ, ആഗോള ഭൂപടത്തിൽ രാജഗിരിക്കും സ്ഥാനം നേടാനായത് നേട്ടമായി കാണുന്നുവെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഈഓയുമായ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു. ആറ് നിലകളിലായി ഒരുങ്ങുന്ന പുതിയ ബ്ലോക്കിൽ നിർദ്ധനരായ രോഗികൾക്ക് ആവശ്യമെങ്കിൽ കിടത്തിയുളള സ്വാന്തന ചികിത്സ സൌജന്യമായി നൽകാനാകുന്ന വിധത്തിലാണ് പാലിയേറ്റീവ് സെന്റർ ഒരുക്കുന്നതെന്നും ഫാ.ജോൺസൺ കൂട്ടിച്ചേർത്തു.
ചടങ്ങിൽ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, അഡ്വൈസറി ബോർഡ് അംഗം സി എ വേണുഗോപാൽ സി ഗോവിന്ദ്, നഴ്സിംഗ് ഡയറക്ടർ ഡോ.എലിസബത്ത് ഡേവിഡ് എന്നിവർ സംസാരിച്ചു.
Last Updated Jan 1, 2024, 11:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]