ന്യൂഡൽഹി: കണ്ണൂർ കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകൻ കുമ്പളപ്രവൻ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന പത്ത് സിപിഎം പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കുന്നപ്പാടി മനോഹരൻ, നാനോത്ത് പവിത്രൻ, പാറക്കാട്ടിൽ അണ്ണേരി പവിത്രൻ, പാട്ടാരി ദിനേശൻ, കുളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, അണ്ണേരി വിപിൻ, പാട്ടാരി സുരേഷ് ബാബു, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതികൾ ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്ന വാദം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു. 2007 ഓഗസ്റ്റ് 16-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
കോൺക്രീറ്റ് ജോലിക്ക് പോവുകയായിരുന്ന പ്രമോദിനെയും സുഹൃത്ത് പ്രകാശനെയും മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് എന്ന സ്ഥലത്തെ കശുമാവിൻ തോട്ടത്തിൽ വെച്ച് വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിൽ പ്രമോദ് കൊല്ലപ്പെടുകയും പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

