.news-body p a {width: auto;float: none;}
കണ്ണൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിയവരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ജയരാജന്റെ അമേരിക്കൻ കുറ്റപ്പെടുത്തൽ.
ജയരാജൻ പറഞ്ഞത്
‘രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാദ്ധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ സഖാക്കൾക്ക് കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത്.
മാദ്ധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പ്രവർത്തകർ ഉണർന്നുപ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്.സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ ഈ പ്രതിസന്ധി കടക്കാനാകൂ’.
അതേസമയം, സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മുമ്പെങ്ങുമില്ലാത്തതവിധം പൊട്ടിത്തെറിക്കുകയാണ്. കുലശേഖരം നോർത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുണ്ടായ തമ്മിൽ തല്ലും സംസ്ഥാന നേതാക്കളെ പൂട്ടിയിടലും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടലിലാണ് ഇന്നലെ കലാശിച്ചത് .ആലപ്പുഴയിലാവട്ടെ,മുൻ കായംകുളം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്നലെ പാർട്ടിയെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയിൽ ചേർന്നത് ഏൽപ്പിച്ച ക്ഷീണം ചെറുതല്ല. കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ‘സേവ് സി.പി.എം’ ബാനറിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തത് പാർട്ടിയെ ഞെട്ടിച്ചിരുന്നു.
കടുത്ത വിഭാഗീയതയിൽ പാർട്ടി നേതാക്കളും അണികളും രണ്ട് ചേരിയായി മാറിയ പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയിൽ ഇന്നലെ ബദൽ പാർട്ടി ഓഫീസ് തുറക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.ഈ ഓഫീസ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കൂടിയായ പാർട്ടി ഏരിയാ കമ്മിറ്റി അംഗമാണെന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നേതൃത്വംനൽകുന്നത് പഞ്ചായത്ത് പ്രസിഡന്റുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വി.എസ് - പിണറായി ഗ്രൂപ്പുകൾ പരസ്പരം വെട്ടി നിരത്തി തളരുകയും,മുന്നേറുകയും ചെയ്തിരുന്ന കാലത്ത് പോലും ഉണ്ടാകാത്ത തരത്തിലുള്ള പ്രാദേശിക ചേരിപ്പോരുകളാണ് വി.എസ് ഗ്രൂപ്പിന്റെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയിൽ ഇപ്പോൾ നടക്കുന്നത്.അന്ന് നേതാക്കൾ രണ്ട് തട്ടിലായിരുന്നുവെങ്കിൽ ,ഇപ്പോൾ പല തട്ടിലാണ്.