
തിരുവനന്തപുരം: സര്‍വകലാശാല തെരഞ്ഞെടുപ്പുകളിൽ മുഖം രക്ഷിച്ച് നിര്‍ത്തിയെങ്കിലും തട്ടകങ്ങളിൽ നേരിട്ട വലിയ തിരിച്ചടികൾ എസ്എഫ്ഐ സംഘടനാ സംവിധാനത്തിന്റെ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി സിപിഎം. തെറ്റുതിരുത്തലിൽ തുടങ്ങി നേതൃ തലത്തിലെ അഴിച്ചുപണിക്ക് വരെയുള്ള സാധ്യതകൾ മുതിര്‍ന്ന നേതാക്കൾ തള്ളിക്കളയുന്നില്ല.
പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച എസ്എഫ്ഐക്ക് ഉണ്ടാക്കിയത് ഗുണമല്ല മറിച്ച് വലിയ ദോഷമെന്ന് വിലയിരുത്തിയാണ് സിപിഎം തുടര്‍ നടപടികൾക്ക് ഒരുങ്ങുന്നത്. മുൻ കാലങ്ങളിൽ എസ്എഫ്ഐയുടെ മിന്നും ജയങ്ങൾ അപ്രസക്തമാക്കി കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകൾക്ക് പിന്നാലെ കേരളയിലും കളം നിറഞ്ഞത് കെഎസ്യു ആണ്. തെരഞ്ഞെടുപ്പുകളിൽ അപ്രമാദിത്തം എസ്എഫ്ഐ അവകാശപ്പെടുമ്പോഴും ലോ കോളേജ് പോലുള്ള സ്ഥിരം തട്ടകങ്ങളിൽ എസ്എഫ്ഐ പിന്നോട്ട് പോയത് സംഘടനാ സംവിധാനത്തിലെ പാകപ്പിഴയായാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
സമരങ്ങളിൽ നിന്ന് ഊര്ജ്ജമുൾക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി സംഘടന, സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച സാഹചര്യം മനസിലാക്കി പ്രവര്‍ത്തിച്ചില്ലെന്ന് സിപിഎം വിലയിരുത്തുന്നു. സംഘടനക്ക് പിന്നിലെ ആൾബലം കൂട്ടുന്ന വിധത്തിൽ ബദൽ പദ്ധതികൾ ആവിഷ്കരിക്കാനോ നടപ്പാക്കാനോ കഴിഞ്ഞില്ല. ഇതിനെല്ലാം അപ്പുറം സംഘടനാ നേതൃത്വം ചെന്ന് പെട്ട അനാവശ്യ വിവാദങ്ങൾ വലിയ തിരിച്ചടിയായെന്നും വിമര്‍ശനമുണ്ട്. മാര്‍ക്ക് ലിസ്റ്റ് ആരോപണവും വ്യാജരേഖ വിവാദങ്ങളും അതിലെടുത്ത സമീപനവും എല്ലാം നേതൃത്വത്തിനെതിരായ അവമതിപ്പിന് ഇടയാക്കിയിട്ടുണ്ട്. എല്ലാം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കാനാണ് സിപിഎം തീരുമാനം.
പല വിധത്തിലുള്ള ആക്ഷേപങ്ങളിൽ വിദ്യാര്‍ത്ഥി സംഘടനക്ക് പ്രതിരോധം തീര്‍ത്തെങ്കിലും ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിയതോടെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്. വിദ്യാര്‍ത്ഥി സംഘടനയുടെ പോരായ്മകൾ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നടപടികളാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്.
Last Updated Nov 30, 2023, 11:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]