
മത്സ്യകന്യകയെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. പല വിദേശരാജ്യങ്ങളിലും അക്വേറിയത്തിലും മറ്റുമായി മത്സ്യകന്യകയുടെ വേഷം ധരിക്കുന്ന പ്രൊഫഷണലുകളായ അനേകം യുവതികളുണ്ട്. കുട്ടിക്കാലത്ത് നാം കേട്ട കഥകളിൽ നിന്നെന്ന പോലെ ഇറങ്ങി വരുന്ന ആ മത്സ്യകന്യകകളെ നോക്കിനിന്നു പോകും. പ്രത്യേകിച്ചും കുട്ടികൾക്കാണ് അവരെ കാണാൻ ഏറെ കൗതുകം.
എന്നാൽ, അതുപോലെ മത്സ്യകന്യകയായി വേഷമിടുന്ന ഒരു യുവതി ഒരു വലിയ അപകടത്തിൽ പെട്ടുപോയി. ആ നിമിഷം തന്നെ വളരെ ബുദ്ധിപൂർവ്വം പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലായേനെ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സൗത്ത് ആഫ്രിക്കയിലെ ഒരു ഷോപ്പിംഗ് മാളിൽ സ്ഥാപിച്ചിരിക്കുന്ന അക്വേറിയത്തിലാണ് യുവതി മത്സ്യകന്യകയായി വേഷമിട്ടിരിക്കുന്നത്.
അക്വേറിയത്തിനകത്ത് മത്സ്യകന്യകയായി നീങ്ങുകയും ആളുകളെ രസിപ്പിക്കുകയും ചെയ്യുന്ന യുവതിയെയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. യുവതി വളരെ ശാന്തമായ പുഞ്ചിരിയോടെയാണ് ആളുകളെ നോക്കുന്നത്. അവരോട് കൈവീശിക്കാണിക്കുന്നതും ചുംബനങ്ങളെറിഞ്ഞ് കൊടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. പിന്നീട് ശ്വാസമെടുക്കാനായി യുവതി മുകളിലോട്ട് നീങ്ങുകയാണ്. എന്നാൽ, യുവതിയുടെ അഥവാ മത്സ്യകന്യകയുടെ വസ്ത്രത്തിലെ വാൽഭാഗം അക്വേറിയം ടാങ്കിന്റെ അടിയിൽ വച്ചിരിക്കുന്ന പവിഴപ്പുറ്റിൽ കുടുങ്ങിപ്പോയി.
ഇതോടെ ആകെ പരിഭ്രമിച്ച, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ യുവതി പക്ഷേ ആ സാഹചര്യത്തെ നിമിഷങ്ങൾ കൊണ്ട് തന്നെ ബുദ്ധിപൂർവ്വം നേരിട്ടു. പെട്ടെന്ന് തന്നെ അവർ തന്റെ ആ വാലടങ്ങിയ മത്സ്യകന്യകയുടെ വസ്ത്രം ഊരിക്കളയുകയും ശ്വാസമെടുക്കുന്നതിന് വേണ്ടി മുകളിലോട്ട് കുതിക്കുകയുമാണ്.
റാൻഡ്ബർഗിലാണ് സംഭവം നടന്നത്. മത്സ്യകന്യകയായി വേഷമിട്ട യുവതി തന്നെ വീഡിയോ ഷെയര് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അവർ ജീവനോടെ രക്ഷപ്പെട്ടതിൽ പലരും സന്തോഷം പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 30, 2023, 10:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]