
ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് മക്കൾക്ക് വിഷം കൊടുത്ത ശേഷം യുവാവ് ജീവനൊടുക്കി. ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ്, ഭാര്യ വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് എന്ന യുവാവും ഒരു മകനുമാണ് മരിച്ചത്. മറ്റൊരു മകൻ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ ആറ് മാസമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്. മക്കൾ രണ്ട് പേരും പുനീതിനൊപ്പമായിരുന്നു. ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടിൽ പോയിരുന്നു. എന്നാൽ ഈ ആവശ്യം ഭാര്യ നിരസിച്ചു. ഇതിന് പിന്നാലെയാണ് കാറിൽ കയറിയ ശേഷം രണ്ട് ആൺ മക്കൾക്കും വിഷം കൊടുക്കുകയും ശേഷം വിഷം കഴിക്കുകയും ചെയ്തത്. ഭാര്യയുടെ വീടിന് സമീപത്തു വെച്ചു തന്നെയായിരുന്നു വിഷം കഴിച്ചതും.
പുനീതും മൂത്ത മകനും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. ഇളയ മകൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിക്കുന്നതിന് മുമ്പ് ഇയാൾ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. താൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി ഭാര്യയാണെന്നും തനിക്ക് നീതി കിട്ടണമെന്നുമാണ് വീഡിയോയിലുള്ളത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിശദ വിവരങ്ങൾ ഉടനെ പുറത്തുകൊണ്ടുവരുമെന്നുമാണ് പൊലീസ് അറിയിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]