
ദില്ലി: സൂര്യനിൽ എന്തുകൊണ്ടാണ് സൗരക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതെന്നറിയാനായി ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് (എൻഎൽഎസ്ടി) സ്ഥാപിക്കാൻ ഇന്ത്യ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA) ഡയറക്ടർ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിക്ക് അന്തിമ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും ബാക്കിയെല്ലാം പൂർത്തിയായെന്നും അവർ പറഞ്ഞു.
രണ്ട് മീറ്റർ ക്ലാസ് ഒപ്റ്റിക്കൽ, ഇൻഫ്രാ-റെഡ് (ഐആർ) നിരീക്ഷണ സൗകര്യമായിരിക്കും നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പിൽ ഉണ്ടായിരിക്കുക. 0.1-0.3 ആർക്ക് സെക്കൻഡ് സ്പെഷ്യൽ റെസല്യൂഷനിൽ സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനവും സംബന്ധിച്ച സുപ്രധാന കണ്ടെത്തലിനായാണ് ടെലിസ്കോപ്പ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
സൗര കൊടുങ്കാറ്റുകൾ കോടിക്കണക്കിന് ടൺ പ്ലാസ്മയെയും അതുമായി ബന്ധപ്പെട്ട കാന്തികക്ഷേത്രങ്ങളെയും സൂര്യനിൽ നിന്ന് ഇൻ്റർപ്ലാനറ്ററി ബഹിരാകാശത്തേക്ക് പുറന്തള്ളുന്നുണ്ട്. അവയിൽ ചിലത് ഭൂമിയിൽ ഭൗമ കാന്തിക കൊടുങ്കാറ്റുകൾക്ക് കാരണമായേക്കാം. തീവ്ര ഭൂകാന്തിക കൊടുങ്കാറ്റുകൾക്ക് ഭൂമിയിലെ ബഹിരാകാശ-സാങ്കേതികവിദ്യയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. റേഡിയോ ആശയവിനിമയം, ജിപിഎസ് സിഗ്നലുകൾ തുടങ്ങിയവ തടസ്സപ്പെടുത്താൻ സാധിക്കും.
ലഡാക്കിലെ മെരാക്കിലെ പാംഗോങ് ത്സോ തടാകത്തിൻ്റെ തീരത്താണ് 4,200 മീറ്റർ ഉയരത്തിൽ ദൂരദർശിനി സ്ഥാപിക്കുന്നത്. ഉയർന്ന ഉയരത്തിലുള്ള തണുത്ത പ്രദേശമായതിനാൽ, ഒപ്റ്റിക്കൽ, ഐആർ നിരീക്ഷണങ്ങൾക്ക് ഈ സ്ഥലം അനുയോജ്യമാണ്. ഐഎസ്ആർഒയുടെ ബഹിരാകാശ അധിഷ്ഠിത സോളാർ ഒബ്സർവേറ്ററിയായ ആദിത്യ എൽ-1 ഉപഗ്രഹ അധിഷ്ഠിത ദൂരദർശിനിയാണ് നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്. ടെലിസ്കോപ്പ് പദ്ധതിക്ക് 150 കോടി രൂപയിലധികം ചെലവ് വരും. ഇന്ത്യയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് അജയ് കെ സൂദ് സൗരോർജ്ജ ദൂരദർശിനിയുടെ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]