
12:54 PM IST:
ക്ലാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടിയോട് സംസാരിക്കുന്നതിന്റെ ചിത്രം പകര്‍ത്തിയശേഷമായിരുന്നു അധ്യാപന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ സുബൈര്‍ എന്ന അധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
11:38 AM IST:
ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
11:37 AM IST:
സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന് പറഞ്ഞു.
11:24 AM IST:
യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സാഹിത്യ നഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണ്. സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
11:22 AM IST:
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ലൈഫ് പദ്ധതിയിൽ വീട് പണി തുടങ്ങാനാകാതെ നിരവധി കുടുംബങ്ങൾ. ഫണ്ടിനായി ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ മാത്രം 954 പേരാണ് കാത്തിരിക്കുന്നത്. താത്കാലിക ഷെഡുകളിലാണ് പലരും കഴിയുന്നത്. ഫണ്ട് ലഭിക്കാത്തതിനാല്‍ തന്നെ ആര്‍ക്കും വീട് നിര്‍മാണം ആരംഭിക്കാനാകുന്നില്ല. ലൈഫ് പദ്ധതിയുടെ ഫണ്ട് മുടങ്ങിയതോടെ പാതി വഴിയിൽ വീട് പണി മുടങ്ങിയവർക്കൊപ്പം പണി തുടങ്ങാൻ കഴിയാത്ത നിരവധി പേരാണ് ഇടുക്കിയിലുള്ളത്.ഉപ്പുതറ സ്വദേശി ആകേഷും അനുപമയുയും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന താല്‍ക്കാലിക ഷെഡ്ഡിലാണ് കഴിയുന്നത്
11:21 AM IST:
കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ബസിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് പൊട്ടിച്ചത്.
9:06 AM IST:
കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപ്പറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്.
8:34 AM IST:
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി കുറ്റപത്രം. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം
7:59 AM IST:
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂട്ടി. സിലിണ്ടറിന് 102 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികൾ കൂട്ടിയത് . പുതുക്കിയ വില 1842 രൂപയായി. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
7:34 AM IST:
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം.
7:33 AM IST:
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്.
7:31 AM IST:
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം.
7:31 AM IST:
കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയാണ് ലക്ഷ്യം.
7:30 AM IST:
കേരളത്തിലെ ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാൽ മൂന്നാം തിയതി മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നൽകിയിട്ടുണ്ട്. നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല.
7:30 AM IST:
വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം.