
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടാൻ പ്രത്യേക പരിശീലനം നടത്തി ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. കോച്ച് രാഹുൽ ദ്രാവിഡിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ശ്രേയസിന്റെ പരിശീലനം.
ലോകകപ്പില്‍ ഷോര്‍ട്ട് പിച്ച് പന്തുകളില്‍ തുടര്‍ച്ചയായി ശ്രേയസ് അയ്യര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. ഷോര്‍ട്ട് പിച്ച് പന്തുകളെ എങ്ങനെ കളിക്കണമെന്ന് കുട്ടി ക്രിക്കറ്റര്‍മാരെ പഠിപ്പിക്കുന്ന ശ്രേയസ് അയ്യരുടെ മൂന്ന് കൊല്ലം മുമ്പത്തെ വീഡിയോ ഇതോടെ കുത്തിപ്പൊക്കി താരത്തെ ട്രോളുകളായാണ് ആരാധകര്‍. ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടാനുള്ള ബലഹീനയ്ക്ക് ലോകകപ്പിലും കുറവില്ല. മൂന്ന് തവണയാണ് ശ്രേയസ് ഇതുവരെ ഷോട്ട് പിച്ച് പന്തിന് മുന്നിൽ കീഴടങ്ങിയത്. ഇതോടെ താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരുമ്പോൾ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തി ശ്രേയസ് അയ്യരെ ഒഴിവാക്കണമെന്ന് വാദിക്കുന്നവരും ഏറെ. എന്നാൽ വിട്ടുകൊടുക്കാനില്ല നിലപാടിലാണ് ശ്രേയസ് അയ്യര്‍ പുതിയ പരിശീലനം തുടങ്ങിയിരിക്കുന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് പരിശീലന സെഷനിൽ മറ്റെല്ലാവരും പോയിട്ടും നെറ്റ്സിൽ തുടര്‍ന്ന ശ്രേയസ് അയ്യര്‍ ഷോര്‍ട്ട് പിച്ച് പന്തുകൾ ഏറെ നേരിട്ടു. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മേൽ നോട്ടത്തിലായിരുന്നു താരത്തിന്റെ പരീശീലനം. ടീം ഇന്ത്യയുടെ നാലാം നമ്പറിലെ ഏറെക്കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകിയത് ശ്രേയസ് അയ്യര്‍ ആയിരുന്നു. ഷോര്‍ട്ട് പിച്ച് പന്തുകളിലെ താരത്തിന്റെ പ്രശ്നം കൂടി മാറ്റിയെടുക്കാനായാൽ പിന്നെ ശ്രേയസിനേയും ടീം ഇന്ത്യയേയും പിടിച്ചാൽ കിട്ടില്ല.
ഏകദിന ലോകകപ്പില്‍ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ അയല്‍ക്കാരായ ശ്രീലങ്കയാണ് എതിരാളി. 2011 ലോകകപ്പിൽ ഇതേ വേദിയിൽ വച്ച് ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. മത്സരത്തിന് മുന്നോടിയായി ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും. ഇരു ടീമുകളിലേയും ഏതെങ്കിലുമൊരു താരം വാര്‍ത്താ സമ്മേളനത്തിനും എത്തും. ശ്രീലങ്കൻ ടീമിന്റെ പ്രസ് കോണ്‍ഫറൻസ് നാലരയ്ക്കും ഇന്ത്യയുടേത് ആറരയ്ക്കുമാണ്. ശ്രീലങ്കയ്ക്കെതിരെ പ്ലേയിംഗ് ഇലവന് സെലക്ഷന് തലവേദന പരിശീലകന് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്മ്മയ്ക്കുമുണ്ട്.
Last Updated Nov 1, 2023, 9:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]