കൊച്ചി ∙ ജീവന്റെ ദൂതുമായി പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും പുതിയ തുടിപ്പുകളോടെ ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ എറണാകുളം ലിസി ആശുപത്രിയില്‍
ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന് ഏലിയാസും (28), കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയുമാണ് (13) പുതിയ ഹൃദയത്തുടിപ്പുകളുമായി ആശുപത്രി വിട്ടത്.
കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയമാണ് അജിനില്‍ മിടിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് ഐസക്കിന് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ (18) ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്.
വാഹനാപകടത്തിലുണ്ടായ ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് ബില്ജിത്തിനും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തങ്ങളുടെ ഉറ്റവർ ഇനി ജീവിതത്തിലേക്ക് മടങ്ങിയെത്തില്ലെന്നു മനസിലാക്കിയ ഇരു കുടുംബങ്ങളും വേദനയോടെയാണെങ്കിലും അവയവദാനത്തിന് തയാറാവുകയായിരുന്നു.
ഈ മാസം 10ന് രാത്രിയോടെയാണ് ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്.
പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന് ഏലിയാസിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ദാതാവില്‍ നിന്നും ഹൃദയം എടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവില്‍ സ്പന്ദിച്ചു തുടങ്ങിയാൽ മാത്രമേ ഏറ്റവും നല്ല ഫലം ലഭിക്കുകയുള്ളു എന്നുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏർപ്പാടാക്കിയ ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഹൃദയധമനികള്‍ക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി എന്ന അസുഖമായിരുന്നു അജിന്. 2012ല്‍ അദ്ദേഹം മറ്റൊരു ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറിക്കും പിന്നീട് ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു.
അതിനുശേഷം ഹൃദയപരാജയം സംഭവിച്ചതോടെയാണ് ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴി എന്നതിലേക്ക് എത്തിയത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ആവണിക്ക്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നീണ്ട
ആശുപത്രി വാസവും വേണ്ടി വന്നിരുന്നു ആവണിക്ക്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബില്‍ജിത്തിന്റെ ഹൃദയത്തിലൂടെ ആവണി ജീവിതം തിരികെ പിടിച്ചത്.
ബില്‍ജിത്തിന്റെ ഹൃദയവുമായി പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ നിന്നും തിരിച്ച വാഹനം പൊലീസ് സേനയുടെ സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ആശുപത്രിയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
അവയവദാനത്തിന് തയാറായ ഐസക്കിന്റെയും ബില്‍ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് അജിനും ആവണിയും നന്ദി പറഞ്ഞു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.
ജോസ് ചാക്കോ പെരിയപ്പുറം ഇരുവരുടേയും ആരോഗ്യനിലയിൽ പൂർണതൃപ്തി രേഖപ്പെടുത്തി. അവര്‍ക്ക് വൈകാതെ തന്നെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
30 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ലിസിയില്‍ ഇതുവരെ നടന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]