അമരാവതി: ഒക്ടോബർ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആർഎസ്എസ് പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽതായ് ഗവായി മുഖ്യാതിഥിയാകും. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി പരിപാടിക്ക് ശേഷമാണ് അമരാവതിയിലെ പരിപാടി.
അമ്മ കമൽതായ് ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ) നേതാവും ബിആർ ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ ഗവർണർ പരേതനായ രാമകൃഷ്ണ ഗവായിയുടെ ഭാര്യയാണ് കമൽതായ്. ദാദാസാഹേബ് ഗവായി എന്നാണ് രാമകൃഷ്ണ ഗവായിയെ സ്നേഹപൂർവം ജനം വിളിച്ചിരുന്നത്.
കമൽതായിയുടെ സമ്മതം വാങ്ങിയാണ് അവരെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ആർഎസ്എസിൻ്റെ വിശ്വ സംവാദ് കേന്ദ്രയിലെ പ്രതിനിധികൾ ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ ബി.ഡി.
ഖോബ്രഗഡെ, ദാദാസാഹിബ് ഗവായി തുടങ്ങിയ നേതാക്കൾ നാഗ്പൂരിൽ നടന്ന ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും അതിനാലാണ് അമ്മയും ക്ഷണം സ്വീകരിച്ചതെന്നുമാണ് രാജേന്ദ്ര ഗവായ് പ്രതികരിച്ചത്. സഹോദരൻ ബിആർ ഗവായ് ഉന്നത പദവി അലങ്കരിക്കുന്നത് കൊണ്ടാണ് പലർക്കും അമ്മ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത് ഇഷ്ടമാകാത്തതെന്നും ക്ഷേത്രങ്ങളോടും പള്ളികളോടും തുല്യബഹുമാനമുള്ളവരാണ് തങ്ങളുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ചേർന്നാൽ പിതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തിരുന്നുവെന്നും 2009 ലും 2014 ലും സോണിയ ഗാന്ധിയും 2019 ൽ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ തനിക്ക് ലോക്സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നും രാജേന്ദ്ര ഗവായ് കൂട്ടിച്ചേർത്തു. എങ്കിലും തങ്ങൾ അധികാരത്തിന് പിന്നാലെ ഓടിയിട്ടില്ല.
അതായിരുന്നു ലക്ഷ്യമെങ്കിൽ പിതാവിന് എളുപ്പത്തിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചേനെ. തനിക്കും അങ്ങനെ സ്ഥാനങ്ങൾ കിട്ടിയേനെ.
എന്നാൽ തങ്ങൾ എന്നും തങ്ങളുടെ പാർട്ടിയോടും ആദർശങ്ങളോടും പ്രത്യയശാസ്ത്രത്തോടും കൂറ് പുലർത്തുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. കമൽതായിയോ മകൻ ബിആർ ഗവായിയോ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]